ഭുവനേശ്വർ : സ്വവർഗാനുരാഗിയാണെന്നു വെളിപ്പെടുത്തിയതിന്‍റെ പേരിൽ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമസഹായം തേടുമെന്ന് ഇന്ത്യൻ അത്‍ലറ്റ് ദ്യുതി ചന്ദ്. ഇത്തരം ആളുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമത്തിന്‍റെ സഹായം തേടുമെന്നും ദ്യുതി വ്യക്തമാക്കി.
തന്‍റെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞ് നോക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ദ്യുതി വിമർശിച്ചു. പ്രണയിനിക്ക് പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ടും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചികഞ്ഞെടുക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ്. പ്രണയിനിയുടെ പേരും ചിത്രവും ചിലർ പുറത്തുവിട്ടു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു. തന്‍റെ സ്വകാര്യതയെ മാനിക്കാതെ ബുദ്ധിമുട്ടിക്കുന്നത് ആരാണെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ദ്യുതി മുന്നറിയിപ്പു നൽകി.
പെൺ സുഹൃത്തുമായി താൻ പ്രണയത്തിലാണെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും ദ്യുതി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കുടുംബാഗങ്ങൾ ദ്യുതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ തന്നെ സഹോദരി ഭീഷണിപ്പെടുത്തുന്നതായും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ദ്യുതി ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയ ദ്യുതി പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നര വർഷത്തോളം വിലക്ക് നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ കേസിനൊടുവിലാണ് താരം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്.