ദോഹ: ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനലിറ്റുകളെ പ്രവചിച്ച് ഇംഗ്ലണ്ടിന്‍റെ മുന്‍ ഫോർവേഡ് വെയ്ൻ റൂണിയും പോർച്ചുഗലിന്‍റെ മുന്‍ വിങ്ങര്‍ ലൂയിസ് ഫിഗോയും. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കവെയാണ് ഇരു താരങ്ങളും സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്‍റീന, ബ്രസീല്‍ എന്നീ ടീമുകള്‍ റൂണിയുടെയും ഫിഗോയുടെയും അവസാന നാലില്‍ ഇടം നേടിയിട്ടുണ്ട്.
ബ്രസീലിനും അര്‍ജന്‍റീനയ്‌ക്കും പുറമെ ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമി ഫൈനലിലെത്തുകയെന്നാണ് റൂണിയുടെ പ്രവചനം. എന്നാല്‍ ബ്രസീലിനും അര്‍ജന്‍റീനയ്‌ക്കും പുറമെ സ്‌പെയ്‌നും നെതര്‍ലന്‍ഡ്‌സിനുമാണ് സാധ്യതയെന്നാണ് ഫിഗോ പറയുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ടൂര്‍ണമെന്‍റില്‍ മുന്നേറ്റത്തിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് മൂന്നാം മത്സരത്തിന്‍റെ ഫലം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ സൗദിയോട് അട്ടിമറി തോല്‍വി വഴങ്ങിയതാണ് സംഘത്തിന് തിരിച്ചടിയായത്. നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന.
മൂന്നാം സ്ഥാനത്തുള്ള സൗദിയ്‌ക്കും മൂന്ന് പോയിന്‍റുണ്ട്. നാല് പോയിന്‍റുമായി ഒന്നാമതുള്ള പോളണ്ടാണ് അടുത്ത മത്സരത്തില്‍ അര്‍ജന്‍റീനയുടെ എതിരാളി. ഈ മത്സരത്തില്‍ പോളണ്ടിനെ കീഴടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അര്‍ജന്‍റീനയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ സൗദിയുടെ മത്സര ഫലത്തെ ആശ്രയിച്ചാവും.
പോളണ്ടിനോടു അർജന്‍റീന തോൽക്കുകയോ സമനിലയിലാവുകയോ ചെയ്‌താൽ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെക്‌സിക്കോയെ തോൽപ്പിച്ചാൽ സൗദിക്ക് നോക്കൗട്ട് ഉറപ്പിക്കാം. അതേസമയം നിലവില്‍ തങ്ങളുടെ ഗ്രൂപ്പുകളില്‍ ഇംഗ്ലണ്ടും സ്‌പെയിനും നെതർലൻഡ്‌സും ഒന്നാമതാണ്. ഗ്രൂപ്പ് എഫില്‍ മൂന്നാമതാണ് ബെല്‍ജിയം.