ന്യൂഡൽഹി : എല്ലാ ഫോർമാറ്റിൽ നിന്നും നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കോലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ തീരുമാനം വഴിയൊരുക്കുമെന്ന് രവി ശാസ്‌ത്രി പറഞ്ഞു. 2021 ഐപിഎല്ലിന് ശേഷം പലരെയും ഞെട്ടിച്ചുകൊണ്ടാണ് കോലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
ഒക്ടോബറില്‍ യു.എ.ഇയില്‍ നടന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ടി-20 നായകസ്ഥാനം രാജിവയ്ക്കുന്നുവെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം കോലിക്ക് നഷ്‌ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായകപദവിയും കോലി അപ്രതീക്ഷിതമായി ഒഴിഞ്ഞു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയെ ക്യാപ്റ്റനായും കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തിരുന്നു.
ഇന്ത്യൻ പരിശീലകനായിരിക്കെ കോലിയുടെ നായക ദിനങ്ങള്‍ക്ക് സാക്ഷിയായ ശാസ്ത്രി, 33 കാരനായ കോലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി തുടരാനാകുമെന്ന് കരുതിയിരുന്നു. കോലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചത് അനുഗ്രഹമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻസിയുടെ സമ്മർദങ്ങൾ ഒഴിവാകുമ്പോൾ കോലിക്ക് സ്വതന്ത്രമായി കളിക്കാനാവും.
അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം വളരെ മികച്ചതായി കരുതുന്നു. അദ്ദേഹം ഇന്ത്യയുടെ റെഡ് - ബോൾ ക്യാപ്റ്റനായി തുടരുകയാണെങ്കിൽ ഞാൻ ഇപ്പോഴും മുൻഗണന നൽകുമായിരുന്നു, പക്ഷേ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണ്. സ്വന്തം പ്രകടനത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം, ലോക ക്രിക്കറ്റിൽ കോലിയുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന് അറിയാൻ അദ്ദേഹത്തിന്‍റെ റെക്കോഡുകൾ പരിശോധിച്ചാൽ മാത്രം മതി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നതിന് അതിന്‍റേതായ വെല്ലുവിളികളുണ്ടെന്നും മുൻ ഓൾറൗണ്ടർ പറഞ്ഞു. മൂന്ന് ഫോർമാറ്റുകളിലും ഒരു ടീമിന്‍റെ ക്യാപ്റ്റനാകുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഇന്ത്യൻ ടീം ക്യാപ്റ്റൻ അഭിമുഖീകരിക്കുന്ന തരത്തിലുള്ള സമ്മർദം മറ്റൊരു ടീം ക്യാപ്റ്റനും നേരിടുന്നില്ല. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരവുമായാണ് ഇന്ത്യൻ നായകൻ കളത്തിലിറങ്ങുന്നത്.
പ്രത്യേകിച്ച് ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോലിയുടെ നിലവാരം പുലർത്തുകയാണെങ്കിൽ, നിങ്ങൾ എല്ലാ മത്സരങ്ങളും വിജയിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. പക്ഷേ അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല. ഏറ്റവും മികച്ച ടീമിന് പോലും ഒരു മോശം സീസൺ ഉണ്ടാകും.