കാസർകോട് : ഇത്തവണ ഫുട്‌ബോൾ ലോകകപ്പ് ആരടിച്ചാലും കാസർകോട് മുള്ളേരിയ സ്വദേശി വെങ്കിടേഷ് ആചാര്യ ഹാപ്പിയാണ്. കാരണം സ്വർണം കൊണ്ടൊരു ലോകകപ്പാണ് വെങ്കിടേഷ് ആചാര്യ ഉണ്ടാക്കിയിട്ടുള്ളത്.
അതിലൊരു കൗതുകവുമുണ്ട്. അരിമണി തൂക്കത്തിലാണ് വെങ്കിടേഷിന്‍റെ ലോകകപ്പ്. വെറും 0.060 മില്ലി ഗ്രാം മാത്രം. കാണാൻ ലെൻസ് വേണം. ഉണ്ടാക്കാനെടുത്തത് ഒരു ദിവസം മാത്രം.
മൈക്രോ ആർട്ടിലൂടെ നിരവധി വിസ്‌മയങ്ങൾ തീർത്ത വെങ്കിടേഷിന് ഫുട്‌ബോളിനോടുള്ള പ്രണയമാണ് സ്വർണം കൊണ്ടൊരു ലോകകപ്പുണ്ടാക്കാൻ പ്രചോദനമായത്. 15 വർഷമായി മൈക്രോ ആർട്ട് ശില്പങ്ങൾ ഉണ്ടാക്കുന്ന വെങ്കിടേഷ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുഞ്ഞു ദേശീയ പതാക നിർമിച്ച് ശ്രദ്ധ നേടിയിരുന്നു.
അരിമണി വലിപ്പത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ, 10 മില്ലി സ്വര്‍ണം കൊണ്ട് സ്വച്ഛ് ഭാരത് ലോഗോ എന്നിങ്ങനെ വെങ്കിടേഷിന്‍റെ മൈക്രോ ആർട്ട് വിസ്‌മയങ്ങൾ നിരവധിയാണ്. കാസര്‍കോട് തായലങ്ങാടിയിലെ ഗോൾഡ് വർക്സ് കടയിലെ ജീവനക്കാരനാണ് വെങ്കിടേഷ്.