ന്യൂഡല്‍ഹി: കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാതെ ടോക്കിയോ ഗെയിംസ് സംഘാടകര്‍. ഒളിമ്പിക്‌സ് ആരംഭിക്കാന്‍ 50 ദിവസം മാത്രം ശേഷിക്കുമ്പോഴും പ്രാദേശിക തലത്തില്‍ പോലും കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശൂന്യമായ ഗാലറിയെ സാക്ഷിയാക്കി ഒളിമ്പിക്‌സ് നടത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുന്നത്.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്‌സ്. കാണികളില്‍ നിന്നുള്ള ടിക്കറ്റിലൂടെയുള്ള വരുമാനം നിലക്കുന്നത് ടോക്കിയോ ഗെയിംസ് അധികൃതരെ പ്രതിരോധത്തിലാക്കും. നിലവില്‍ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയുള്ള വരുമാനമാണ് ഗെയിംസ് അധികൃതര്‍ക്ക് പ്രധാനമായും ലഭിക്കുക.
Also read: യൂറോക്ക് മുമ്പ് സംഗീത വിരുന്ന്; ഒരു മണിക്കൂര്‍ മുമ്പ് കളി കാണാം
15.4 ബില്യൺ ഡോളര്‍ ഇതിനകം ഒളിമ്പിക്‌സിനായി ജപ്പാന്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒളിമ്പിക്‌സിനായി ചെലവഴിച്ച 6.7 ബില്യൺ ഡോളർ ഒഴികെ എല്ലാം പൊതു പണമാണ്. ഒളിമ്പിക്, പാരാലിമ്പിക് ഇവന്‍റുകളിലായി അത്‌ലറ്റുകളും പരിശീലകരും ഓഫീഷ്യല്‍സും ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുമ്പ് 180,000 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പിന്നീട് ഇത് പകുതിയായി വെട്ടി ചുരുക്കുകയായിരുന്നു. 2020ല്‍ നടത്താനിരുന്ന ഒളിമ്പിക്‌സാണ് ഇപ്പോള്‍ നടക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സ് മാറ്റിവെച്ചത്.