യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League 2023-24) ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. 32 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെന്‍റില്‍ നിന്നും 16 ടീമുകള്‍ നോക്ക് ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ശേഷിക്കുന്ന 16 ടീമുകളില്‍ എട്ട് ടീമുകള്‍ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് തിരികെ മടങ്ങേണ്ടി വന്നു.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും (Real Madrid) ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും (Manchester City) മാത്രമാണ് എല്ലാ കളിയും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ചത്. പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം ഡിസംബര്‍ 18നാണ് തെരഞ്ഞെടുക്കന്നത്. അതിന് മുന്നോടിയായി ഓരോ ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ യോഗ്യതയും യൂറോപ്പ ലീഗ് യോഗ്യതയും നേടിയ ടീമുകളെ പരിശോധിക്കാം.
ബയേണിന്‍റെ ഈസി വാക്ക്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ അവര്‍ ഒരു കളിയില്‍ സമനില വഴങ്ങി. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്‍റുമായി ഡാനിഷ് ക്ലബ് കോപ്പന്‍ഹേഗനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്ക് ഔട്ടിലേക്ക് മുന്നേറിയത്. ടര്‍ക്കിഷ് ക്ലബ് ഗലാറ്റാസറെയ്‌ക്ക് മൂന്നാം സ്ഥാനത്തോടെ യൂറോപ്പ ലീഗ് യോഗ്യത ലഭിച്ചപ്പോള്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാാരായാണ് മടങ്ങിയത്.
കരുത്ത് കാട്ടി ആഴ്‌സണല്‍: ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിട്ടാണ് റൗണ്ട് ഓഫ് 16ലേക്ക് എത്തിയിരിക്കുന്നത്. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു സമനിലയും ഉള്‍പ്പടെ 13 പോയിന്‍റാണ് മൈക്കില്‍ ആര്‍ട്ടേറ്റയും സംഘവും സ്വന്തമാക്കിയത്. ഡച്ച് ക്ലബ് പിഎസ്‌വിയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. ഫ്രഞ്ച് ക്ലബ് ആര്‍സി ലെന്‍സാണ് ഗ്രൂപ്പില്‍ നിന്നും യൂറോപ്പ ലീഗ് കളിക്കാനൊരുങ്ങുന്നത്. സെവിയ്യ് ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
'റോയല്‍' റയല്‍: ഗ്രൂപ്പ് സിയില്‍ റയല്‍ മാഡ്രിഡിന് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ആറ് മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ നോക്ക് ഔട്ട് റൗണ്ടിലേക്ക് എത്താൻ റയലിനായി. ഇറ്റാലിയന്‍ ക്ലബ് നാപ്പോളി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായപ്പോള്‍ പോര്‍ച്ചുഗല്‍ ക്ലബ് ബ്രാഗയാണ് യൂറോപ്പ ലീഗിന് യോഗ്യത നേടിയത്.
ടേബിള്‍ ടോപ്പറായി റയല്‍ സോസിഡാഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയില്‍ നിന്നും നോക്ക് ഔട്ടിലേക്ക് എത്തിയത് സ്‌പാനിഷ് ക്ലബ് റയല്‍ സോസിഡാഡും ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനുമാണ്. ആറ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് ഇരുടീമും നേടിയത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത പോര്‍ച്ചുഗല്‍ ക്ലബായ ബെന്‍ഫിക്ക ഇനി യൂറോപ്പ ലീഗില്‍ കളിക്കും.
അത്ലറ്റികോ മാഡ്രിഡിന്‍റെ കുതിപ്പ്: ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് സ്‌പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ്. ആറ് മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റാണ് അവര്‍ നേടിയത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി 10 പോയിന്‍റോടെ ഇറ്റാലിയന്‍ ക്ലബ് ലാസിയോയും അടുത്ത റൗണ്ടിലേക്ക് കടന്നു. ഡച്ച് ടീം ഫെയ്‌നൂര്‍ഡാണ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാര്‍.
മരണക്കളിയില്‍ ഡോര്‍ട്ട്മുണ്ടും പിഎസ്‌ജിയും: ചാമ്പ്യന്‍സ് ലീഗിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫില്‍ നിന്നും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയുമാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഡോര്‍ട്ട്മുണ്ട് ആറ് കളിയില്‍ നിന്നും 11 പോയിന്‍റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പിഎസ്‌ജി 8 പോയിന്‍റാണ് നേടിയത്. മൂന്നാം സ്ഥാനക്കാരയ ഇറ്റാലിയന്‍ ക്ലബ് എസി മിലാനും എട്ട് പോയിന്‍റായിരുന്നു നേടാന്‍ സാധിച്ചത്. ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡാണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.
വമ്പുകാട്ടി മാഞ്ച്സ്റ്റര്‍ സിറ്റി: നിലവിലെ ചാമ്പ്യന്മാരയ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് വമ്പൻരായ സിറ്റിക്ക് ആദ്യ റൗണ്ടില്‍ 18 പോയിന്‍റും സ്വന്തമാക്കാന്‍ സാധിച്ചു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജര്‍മന്‍ ക്ലബ് ആര്‍ബി ലീപ്‌സിഗ് ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ടിലേക്ക് മുന്നേറിയപ്പോള്‍ 4 പോയിന്‍റോടെ സ്വിസ് ക്ലബ് യങ് ബോയിസിന് യൂറോപ്പ ലീഗില്‍ പന്ത് തട്ടാന്‍ അവസരം ലഭിച്ചു.
തല ഉയര്‍ത്തി ബാഴ്‌സലോണ: ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ബാഴ്‌സലോണ ആറ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് നേടിയത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പോര്‍ട്ടോയുടെ മുന്നേറ്റവും 12 പോയിന്‍റുമായിട്ടാണ്. യുക്രൈന്‍ ക്ലബ് ഷാക്തറാണ് എച്ച് ഗ്രൂപ്പില്‍ മൂന്നാമന്മാരായി യൂറോപ്പ ലീഗ് കളിക്കാനൊരുങ്ങുന്നത്.