ലണ്ടൻ: ലോക മൂന്നാം നമ്പർ താരം ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ക്വാർട്ടറിൽ. സ്കോർ 21-16 21-18. ജനുവരിയിൽ ഇന്ത്യ ഓപ്പൺ കിരീടവുമായി പുതിയ വർഷം തുടങ്ങിയ ലക്ഷ്യ കഴിഞ്ഞയാഴ്ച ജർമൻ ഓപ്പണിൽ ഫൈനൽ വരെയെത്തിയിരുന്നു.
ക്വാർട്ടറിൽ ചൈനയുടെ ലു ഗുവാങ് സുവാണ് എതിരാളി. ജർമൻ ഓപണിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസണെതിരെ പുറത്തെടുത്ത കിടിലൻ പ്രകടനത്തിനു സമാനമായാണ് ഇന്നലെ ബർമിങ്ഹാമിലും ലക്ഷ്യ റാക്കറ്റേന്തിയത്. ആദ്യ സെറ്റിൽ 11-9ന് ആദ്യ ബ്രേക്കിനു പിരിഞ്ഞ താരം കാര്യമായ വെല്ലുവിളികളില്ലാതെ സെറ്റ് സ്വന്തമാക്കി.
അതേ പോരാട്ടവീര്യം പുറത്തെടുത്ത ഇന്ത്യൻ താരം രണ്ടാം സെറ്റിലും മേധാവിത്വം പുലർത്തി. ഒരു ഘട്ടത്തിൽ 9-5ന് മുന്നിൽ നിന്നെങ്കിലും 14-14ന് അന്റോൺസൺ ശക്തമായി തിരിച്ചു വന്നെങ്കിലും ലക്ഷ്യ സെൻ വൈകാതെ സെറ്റും കളിയും സ്വന്തമാക്കുകയായിരുന്നു. സാത്വിക് സായ് രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
മറ്റൊരു മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാൾ ലോക രണ്ടാം നമ്പർ യമാഗുച്ചിയോട് തോറ്റു പുറത്തായി. 50 മിനിറ്റ് നീണ്ട ആവേശപ്പോരിൽ 14-21 21-17 17-21 നാണ് സൈന അടിയറവു പറഞ്ഞത്. ലോക ഏഴാം നമ്പർ താരമായ പി.വി സിന്ധു ജപ്പാന്റെ തകാഹഷിയോട് ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ട മത്സരത്തിൽ പൊരുതിത്തോറ്റു. സ്കോർ 19-21 21-16 17-21.
ALSO READ:ഫത്തോഡയില്‍ ആവേശക്കടലിരമ്പും; 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം