പാരിസ്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഈ വര്‍ഷം മേയില്‍ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കിയത്. സീസണിന് മുന്നോടിയായി ഒരു ഫ്രീ ട്രാൻസ്‌ഫറിൽ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് എംബാപ്പെ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി 24കാരനായ താരം പിഎസ്‌ജിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു.
ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കരാര്‍ പുതുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതു പാലിക്കുന്നതില്‍ പിഎസ്‌ജി പരാജയപ്പെട്ടതില്‍ താരം അസന്തുഷ്‌ടനാണെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതോടെ അടുത്ത വര്‍ഷം ക്ലബ് വിടുമെന്ന് താരം ഭീഷണി ഉയര്‍ത്തിയെന്നുമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
അങ്ങനെ ചെയ്യാതിരിക്കാന്‍ മൂന്ന് നിബന്ധനകള്‍ താരം അധികൃതര്‍ക്ക് മുന്നില്‍ വച്ചുവെന്നുമാണ് സ്‌പാനിഷ് മാധ്യമമായ ഒകെ ഡയറിയോ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മറെ വില്‍ക്കാന്‍ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്.
നേരത്തെ പെനാല്‍റ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുതാരങ്ങളും കളിക്കളത്തില്‍വച്ച് തര്‍ക്കിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പരിശീലകന്‍ ക്രിസ്റ്റോഫ് ഗാൽറ്റിയര്‍ക്ക് പകരം ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ കൊണ്ടുവരണമെന്നാണ് താരത്തിന്‍റെ രണ്ടാമത്തെ ആവശ്യം. 2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്‍റെയും ചുമതലയേറ്റെടുത്തിട്ടില്ല.
ഇംഗ്ലീഷ് ക്ലബ് ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ ടീമിലെത്തിക്കണമെന്നതാണ് എംബാപ്പെയുടെ മൂന്നാമത്തെയും അവസാനത്തെയും വ്യവസ്ഥയെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഫ്രഞ്ച് വമ്പന്മാർക്കായി ഈ സീസണില്‍ 20 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും അഞ്ച് അസിസ്റ്റുകളും എംബാപ്പെ നേടിയിട്ടുണ്ട്. ലോകകപ്പിന് ശേഷം തന്‍റെ വിശ്രമം വെട്ടിച്ചുരുക്കിയ താരം ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കുകയും ചെയ്‌തിരുന്നു.
Also read: കാനറികളെ കളി പഠിപ്പിക്കാന്‍ സിനദിൻ സിദാൻ? ; മുഖ്യപരിഗണനയെന്ന് റിപ്പോര്‍ട്ട്