കറാച്ചി: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസില്‍ തന്‍റെ പത്താം കിരീടമാണ് ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് അടുത്തിടെ സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കുമ്പോള്‍ സെര്‍ബിയന്‍ താരത്തിന് 35 വയസ് പിന്നിട്ടിരുന്നു. ജോക്കോ പാകിസ്ഥാനിലെ ഒരു ക്രിക്കറ്റ് താരമായിരുന്നുവെങ്കില്‍ ഈ പ്രായത്തില്‍ കളിക്കളത്തിന് പുറത്തായിരിക്കും സ്ഥാനമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.
"അദ്ദേഹം ടെന്നിസ് താരമായത് നന്നായി. പാകിസ്ഥാനിലായിരുന്നെങ്കിൽ 30 വയസ് കഴിഞ്ഞാല്‍ ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നില്ല", ബട്ട് പറഞ്ഞു. വാക്കുകള്‍ക്കിടെ പാക് ടീമിന്‍റെ ഭാഗമായിരുന്ന ചിലരെയും ബട്ട് ഉന്നം വച്ചു. "അവര്‍ എന്തുതരം ആളുകളാണെന്ന് ഒരു പിടിയുമില്ല.
45 ഉം 50 ഉം വയസിന് ശേഷവും അവർക്ക് കളിക്കുന്നത് തുടരാം. എന്നാൽ നിങ്ങൾക്ക് 30 വയസിന് മുകളിലുള്ളതിനാൽ കളിക്കാൻ കഴിയില്ലെന്നാണ് മറ്റുള്ളവരോട് പറയുക", ബട്ട് പറഞ്ഞു നിര്‍ത്തി.
അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിലെ വിജയത്തോടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്‍റെ റെക്കോഡിനൊപ്പമെത്താനും ജോക്കോയ്‌ക്ക് കഴിഞ്ഞിരുന്നു. നിലവില്‍ 22-ാം ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ വീതമാണ് ഇരുവര്‍ക്കുമുള്ളത്.
വിജയത്തോടെ എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനും ജോക്കോയ്‌ക്ക് കഴിഞ്ഞു. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജോക്കോ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ജോക്കോയുടെ മുന്നേറ്റത്തോടെ പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്നും പിന്മാറിയ സ്പെയിനിന്‍റെ കാർലോസ് അൽകാരാസ് രണ്ടാം സ്ഥാനത്തേക്ക് വീണു.
ALSO READ: ധവാനിലേക്ക് മടങ്ങണോ അതോ ഇഷാനെ പിന്തുണയ്‌ക്കണോ? ഉത്തരവുമായി ആര്‍ അശ്വിന്‍