ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരായ അട്ടിമറി വിജയത്തിന്‍റെ സന്തോഷത്തിന് ഇടയിലും സൗദി അറേബ്യയ്‌ക്ക് നൊമ്പരമായി പ്രതിരോധ താരം യാസര്‍ അല്‍ ഷെഹ്‌രാനി. മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച ഷെഹ്‌രാനിയ്‌ക്ക് ഗുരുതര പരിക്കാണുള്ളത്. താടിയെല്ലും മുഖത്തെ എല്ലും ഒടിഞ്ഞ താരത്തിന് ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷഹ്‌രാനിയെ ജര്‍മനിയില്‍ വിദഗ്‌ധ ചികിത്സയ്‌ക്ക് വിധേയനാക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശ പ്രകാരമാണ് താരത്തെ ജര്‍മനിയിലേക്ക് കൊണ്ടുപോകുന്നത്. സ്വാകാര്യവിമാനത്തിലാവും താരത്തെ ജര്‍മനിയിലെത്തിക്കുക.
സൗദി ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് പ്രതിരോധിക്കുന്നതിനിടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്‍റെ കാല്‍മുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. പരിക്കേറ്റ് വീണ താരത്തെ സ്ട്രെച്ചറിലാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
അതേസമയം 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി ഖത്തറിലെത്തിയ അര്‍ജന്‍റീനയെ 2- ഒന്നിനാണ് സൗദി അട്ടിമറിച്ചത്. മെസിയുടെ പെനാൽറ്റി ഗോളിലൂടെ ആദ്യം മുന്നിലെത്തി നീലപ്പടയ്‌ക്ക് സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവരിലൂടെയാണ് സൗദി മറുപടി നല്‍കിയത്. വിജയം ആഘോഷിക്കുന്നതിനായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
Also read: ഖത്തര്‍ ലോകകപ്പ്: വിജയത്തുടക്കത്തിലും ഫ്രാന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരം പുറത്ത്