ദോഹ : ഫൈനല്‍ വിസിലുവരെ കാണികളെ ത്രില്ലടിപ്പിക്കുകയും ഗോള്‍മഴ പെയ്യുകയും ചെയ്‌ത മത്സരത്തില്‍ സെര്‍ബിയയും കാമറൂണും തുല്യരായി പിരിഞ്ഞു. മൂന്ന് വീതം ഗോളുകള്‍ക്കാണ് ഇരു ടീമും നിര്‍ണായക മത്സരം അവസാനിപ്പിച്ചത്. ആദ്യ ഗോളടിച്ച കാമറൂണിനെ തുടര്‍ച്ചയായ മൂന്ന് ഗോളുകള്‍ കൊണ്ട് ഞെട്ടിച്ച് സെര്‍ബിയ മുന്നേറിയപ്പോള്‍ വിട്ടുകൊടുക്കാതെ പൊരുതി രണ്ടുഗോളുകള്‍ മടക്കി കാമറൂണ്‍ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ഇരുപത്തിയൊന്നാം മിനിറ്റില്‍ കാമറൂണിന്‍റെ കാസ്‌റ്റെലെറ്റോയാണ് ഗോളടി മത്സരത്തില്‍ ആദ്യ സംഭാവന നടത്തിയത്. സഹതാരം കുന്തെയെടുത്ത കോര്‍ണര്‍ ഡിഫന്‍ഡര്‍മാര്‍ മാര്‍ക്ക് ചെയ്യാതെ ഒഴിഞ്ഞുനിന്നിരുന്ന കാസ്‌റ്റെലെറ്റോ വലയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഒന്നാം പകുതിയിലെ അധികസമയത്ത് രണ്ട് ഗോളുകള്‍ നേടി സെര്‍ബിയ മത്സരത്തില്‍ മേധാവിത്വം നേടി. പാവ്‌ലോവിച്ചാണ് സെര്‍ബിയയ്‌ക്കായി സമനില ഗോള്‍ നേടിയത്. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മിലന്‍കോവിച്ച് സാവിച്ച് രണ്ടാം ഗോള്‍ നേടി ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മിത്രോവിച്ച് സെര്‍ബിയയ്‌ക്കായി മൂന്നാം ഗോള്‍ സ്വന്തമാക്കിയതോടെ മത്സരം സെര്‍ബിയയുടെ കാലുകളിലായി. എന്നാല്‍ കാമറൂണ്‍ മത്സരവീര്യം അടിയറവ് വച്ചില്ല. മത്സരത്തിന്‍റെ 63 ആം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്‌ത് വലയിലെത്തിച്ച് വിന്‍സെന്‍റ് അബൂബര്‍ സെര്‍ബിയയെ ഞെട്ടിച്ചു. ഇതുകഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ മോട്ടിങ്ങിലൂടെ കാമറൂണ്‍ സമനില ഗോളും നേടി. എന്നാല്‍ നാലാം ഗോളിനായി ആക്രമണം തുടര്‍ന്ന കാമറൂണിനെ സെര്‍ബിയന്‍ പ്രതിരോധമതില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.