സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണില്‍, ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിന് കന്നി കിരീടം. വനിത സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വാങ് ഷി യി- യെയാണ് സിന്ധു തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു ജയിച്ച് കയറിയത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന്, രണ്ടാം സെറ്റ് പിടിച്ച വാങ് ഷി ശക്തമായ മറുപടി നല്‍കി. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് പൊരുതി നേടിയാണ് സിന്ധു മത്സരം പിടിച്ചത്. സ്‌കോര്‍: 21-9, 11-21, 21-15.
സീസണില്‍ സിന്ധുവിന്‍റെ ആദ്യ സൂപ്പര്‍ 500 സീരീസ് കിരീടമാണിത്. ഈ വര്‍ഷം സയ്യിദ് മോദി ഇന്‍റർനാഷണൽ, സ്വിസ് ഓപ്പണ്‍ സൂപ്പർ 300 കിരീടങ്ങൾ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നേരത്തെ ജപ്പാന്‍റെ സയീന കവാകാമിയെ തോല്‍പ്പിച്ച് സിന്ധു ഫൈനലിലെത്തിയപ്പോള്‍, ജപ്പാന്‍റെ തന്നെ ഓഹോരിയെയാണ് വാങ് ഷി കീഴടക്കിയത്.