സിഡ്‌നി : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ (Australian Open Badminton) നിന്ന് പിവി സിന്ധു (PV Sindhu) സെമി ഫൈനല്‍ കാണാതെ പുറത്ത്. ഇന്ന് (ഓഗസ്റ്റ് 04) നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക പന്ത്രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോടാണ് (Beiwen Zhang) പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ട് പ്രാവശ്യം ഒളിമ്പിക് മെഡല്‍ നേടിയ താരത്തിന്‍റെ തോല്‍വി. സ്‌കോര്‍ : 12-17, 17-21.
ഇതിന് മുന്‍പ് ബെയ്‌വെൻ ഷാങ്ങിനെതിരെ ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളില്‍ ആറിലും ജയം നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍, ഷാങ്ങ് കടുത്ത പോരാട്ടമാണ് സിന്ധുവിനെതിരെ നടത്തിയത്. 39 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ചൈനീസ് വംശജയായ അമേരിക്കന്‍ താരത്തിന് മുന്നില്‍ വീണത്.
ഇന്ത്യന്‍ താരങ്ങളായ അഷ്‌മിത ചാലിഹ (Ashmita Chaliha), ആകർഷി കശ്യപ് (Aakarshi Kashyap) എന്നിവരെയാണ് ആദ്യ രണ്ട് റൗണ്ടുകളില്‍ പിവി സിന്ധു പരാജയപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ആധികാരികമായ പ്രകടനം നടത്താന്‍ സിന്ധുവിനായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇവര്‍ക്കെതിരെ ജയം നേടിയത്.
അതേസമയം, ഷാങ്ങിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വി ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് പിവി സിന്ധുവിനേറ്റ കനത്ത തിരിച്ചടിയാണ്. ഓഗസ്റ്റ് 21-27 വരെയാണ് ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പരിക്കില്‍ നിന്നും തിരിക കോര്‍ട്ടിലേക്ക് എത്തിയ ശേഷം അത്ര മികച്ച പ്രകടനം നടത്താന്‍ സിന്ധുവിന് സാധിച്ചിട്ടില്ല.
ഈ വര്‍ഷം നടന്ന 12 ടൂര്‍ണമെന്‍റുകളില്‍ ഏഴിലും നേരത്തെ തന്നെ താരം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലെയും തിരിച്ചടി. നേരത്തെ, റാങ്കിങ്ങിലും ഏറെ പിന്നിലേക്ക് താരം വീണിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന റാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് സിന്ധുവുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ താരത്തിന്‍റെ ഏറ്റവും മോശം റാങ്കിങ്ങായിരുന്നു ഇത്. 2016 മുതലുള്ള കാലയളവില്‍ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ തന്നെ സ്ഥാനം പിടിക്കാന്‍ സിന്ധുവിനായിരുന്നു.
2016 ഏപ്രിലിലായിരുന്നു കരിയറിലെ ഏറ്റവും മികച്ച റാങ്കായ രണ്ടാം സ്ഥാനത്തേക്ക് താരമെത്തിയത്. അതേസമയം, നിലവിലെ മോശം ഫോം താരത്തിന്‍റെ ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കും തിരിച്ചടിയാകാനാണ് സാധ്യത. 2024 ഏപ്രിലില്‍ വരെയാണ് ഒളിമ്പിക് യോഗ്യതയ്‌ക്കായുള്ള കാലയളവ്.
ശേഷിക്കുന്ന ഈ സമയത്തിനുള്ളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 2026ലെ പാരിസ് ഒളിമ്പിക്‌സിന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സിന്ധുവിന് സാധിച്ചേക്കില്ല.
Also Read : PV Sindhu | ലോക റാങ്കിങ്ങില്‍ കൂപ്പുകുത്തി പിവി സിന്ധു ; വീണത് 10 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന സ്ഥാനത്തേക്ക്