ബീജിങ് : 2022ല്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഗെയിംസ് 2023ല്‍ ചൈനയില്‍ തന്നെ നടത്താന്‍ തീരുമാനം. 2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുകയെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) അറിയിച്ചു. ചൈനീസ് നഗരമായ ഹാങ്ഷൗവാണ് ഗെയിംസിന് വേദിയാവുക.
ഈ വര്‍ഷം സെപ്റ്റംബർ മുതലാണ് ഗെയിംസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തുണ്ടായ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചത്. കഴിഞ്ഞ മേയില്‍ ലോക് ഡൗണ്‍ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്ക് 200 കിലോമീറ്റർ മാത്രം അകലെയായിരുന്നു ഗെയിംസ് വേദിയായ ഹാങ്ചൗ.
ഇതോടെ ചൈനയ്ക്ക് പകരം മറ്റേതെങ്കിലുമൊരു ഏഷ്യന്‍ രാജ്യത്തേക്ക് ഗെയിംസ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ചൈനയെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം പതിനായിരത്തിലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന കായികമാമാങ്കമാണ് ഏഷ്യന്‍ ഗെയിംസ്.
2018ല്‍ ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയിലാണ് ഗെയിംസ് അവസാനമായി നടന്നത്. 289 മെഡലുകളുമായി ചൈനയാണ് ഒന്നാമതെത്തിയത്. 69 മെഡലുകള്‍ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.