സാവോ പോളോ: ഫിഫ ലോകകപ്പ് നേട്ടത്തില്‍ അര്‍ജന്‍റീനയേയും നായകന്‍ ലയണല്‍ മെസിയേയും അഭിനന്ദിച്ച് ബ്രസീല്‍ ഇതിഹാസം പെലെ. മെസി ഈ ലോകകപ്പ് അര്‍ഹിക്കുന്നുവെന്ന് പെലെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയേയും സെമിയിലെത്തിയതിന് മൊറോക്കോയേയും 82കാരനായ പെലെ അഭിനന്ദിക്കുന്നുണ്ട്.
"എല്ലായ്‌പ്പോഴും എന്ന പോലെ ഇന്നും, ഫുട്ബോൾ അതിന്‍റെ കഥ, ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മെസി തന്‍റെ ആദ്യത്തെ ലോകകപ്പ് നേടി.
അവന്‍റെ യാത്രയില്‍ അത് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ അർജന്‍റീന. തീർച്ചയായും ഡീഗോ ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാവും", പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടൂര്‍ണമെന്‍റില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെയേയും മികച്ച മുന്നേറ്റം നടത്തിയ മൊറോക്കോയേയും അഭിനന്ദിച്ച് പെലെ കുറിച്ചത് ഇങ്ങനെ.. "എന്‍റെ പ്രിയ സുഹൃത്ത് എംബാപ്പെ. ഒരു ഫൈനലിൽ നാലു ഗോളുകളാണ് അവന്‍ നേടിയത്.
- " class="align-text-top noRightClick twitterSection" data="
">
ഫുട്ബോളിന്‍റെ ഭാവി വാഗ്‌ദാനമായ അവന്‍റെ പ്രകടനം കാണാൻ കഴിഞ്ഞത് തന്നെ നമുക്ക് ലഭിച്ച സമ്മാനമാണ്. മൊറോക്കോയുടെ അവിശ്വസനീയമായ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാനും എനിക്ക് കഴിയില്ല. ആഫ്രിക്ക ഇങ്ങനെ തിളങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാണ്",പെലെ എഴുതി.
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന കീഴടക്കിയത്. 1986 ലോകകപ്പില്‍ ഡീഗോ മറഡോണയ്ക്ക് കീഴിലാണ് ഇതിന് മുന്നെ അര്‍ജന്‍റീന ലോകകിരീടത്തില്‍ മുത്തമിട്ടത്. അവിടം തൊട്ടുള്ള 36 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അറുതിയായത്.
നിശ്ചിത സമയത്തും (2-2) അധികസമയത്തും (3-3) ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കായി വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.