ആംസ്റ്റർഡാം : പ്രോസ്റ്റേറ്റ് കാൻസർ ചികിത്സ വിജയകരമാണെന്ന് നെതർലാൻഡ്‌സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ. ഈ മാസം തുടക്കത്തിലാണ് താന്‍ പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിലാണെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ കോച്ച് വെളിപ്പെടുത്തിയത്.
ഡച്ച് ടിവി ഷോയായ ഹംബെർട്ടോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 തവണ താന്‍ റേഡിയേഷന് വിധേയമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്രാങ്ക് ഡി ബോയറിന് പകരമാണ് വാൻ ഗാൽ കഴിഞ്ഞ വർഷം മൂന്നാം തവണയും നെതർലാൻഡ്‌സ് ദേശീയ ടീമിന്‍റെ പരിശീലകനായത്.
വാൻ ഗാലിന് കീഴില്‍ ഇതുവരെ തോൽവിയറിയാതെയാണ് ഡച്ച് ടീമിന്‍റെ മുന്നേറ്റം. ഒമ്പത് മത്സരങ്ങളില്‍ വാന്‍ ഗാലിന് കീഴിലിറങ്ങിയ ടീം ആറ് വിജയങ്ങളും മൂന്ന് സമനിലയുമാണ് സ്വന്തമാക്കിയത്. നിലവില്‍ ഖത്തര്‍ ലോകകപ്പിനും സംഘം യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം ലോകകപ്പിന് പിന്നാലെ അദ്ദേഹം ഡച്ച് ടീമിന്‍റെ പടിയിറങ്ങും. ബാഴ്‌സയുടെ മുന്‍ പരിശീലകന്‍ റൊണാൾഡ് കൂമാനാണ് അദ്ദേഹത്തിന് പകരക്കാരനായെത്തുക. ഇക്കാര്യം ഡച്ച് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
also read: ETV BHARAT EXCLUSIVE | വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍
2023ന്‍റെ തുടക്കത്തിലാവും കൂമന്‍ ഡച്ച് ടീമിന്‍റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതോടെ 2024 യൂറോയിലും, 2026-ലെ ലോകകപ്പിലും കൂമാന് കീഴിലായിരിക്കും നെതർലാൻഡ്‌സ് ഇറങ്ങുക.