ബെര്‍ലിന്‍: ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട അത്‌ലറ്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര. ഏറെ കാലമായി പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജമൈക്കയുടെ ഇതിഹാസ സ്‌പ്രിന്‍റര്‍ ഉസൈന്‍ ബോള്‍ട്ടിനെയടക്കം പിന്തള്ളിയാണ് ഇന്ത്യന്‍ താരത്തിന്‍റെ നേട്ടം. ജര്‍മന്‍ മാധ്യമ വിശകലന കമ്പനിയായ യുണിസെപ്റ്റയുടെ കണക്ക് പ്രകാരം ഈ വര്‍ഷം 812 ആര്‍ട്ടിക്കിളുകളാണ് നീരജിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.
ജമൈക്കയുടെ വനിത അത്‌ലറ്റുകളായ എലെയ്ന്‍ തോംപ്‌സണ്‍ ഹെറ (751), ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് (698), ഷെറിക്ക ജാക്‌സൺ (679) എന്നിവരാണ് പട്ടികയില്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്. 574 ആര്‍ട്ടിക്കിളുകളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഉസൈന്‍ ബോള്‍ട്ട്. 2017ലെ ട്രാക്കിനോട് വിട പറഞ്ഞെങ്കിലും ആദ്യമായാണ് നൂറ് മീറ്ററിലെയും 200 മീറ്ററിലെയും റെക്കോഡ് ജേതാവ് പട്ടികയില്‍ പിന്നോട്ട് പോകുന്നത്.
അതേസമയം ടോക്കിയോ ഒളിമ്പിക്‌സില്‍ ആരംഭിച്ച കുതിപ്പ് ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ നീരജിന് കഴിഞ്ഞിരുന്നു. സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ കിരീടം ചൂടിയ താരം ഓറിഗോണില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഇതോടെ ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടവും സ്വന്തമാക്കാന്‍ നീരജിന് കഴിഞ്ഞു.
മലയാളി താരം അഞ്ജു ബോബി ജോർജായിരുന്നു ഇന്ത്യയ്‌ക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ താരം. 2003ൽ ലോങ് ജംപില്‍ വെങ്കല മെഡലായിരുന്നു അഞ്ജുവിന്‍റെ നേട്ടം. അതേസമയം ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് 100 മീറ്ററിലെയും ഷെറിക്ക ജാക്‌സൺ 200 മീറ്ററിലെയും നിലവിലെ ലോക ചാമ്പ്യന്മാരാണ്.
Also read: 'നന്ദി കേരളം, ഇന്ത്യ'; മലയാളക്കരയുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നെയ്‌മര്‍