മുംബൈ: പ്രൊ കബഡി ലീഗിന്‍റെ ചരിത്രത്തില്‍ റെക്കോഡ് തുക സ്വന്തമാക്കി സ്റ്റാര്‍ റൈഡര്‍ പ്രദീപ് നർവാൾ. എട്ടാം സീസണിന് മുന്നോടിയായി നടന്ന ലേലത്തിന്‍റെ രണ്ടാം ദിനം 1.65 കോടി രൂപയ്‌ക്ക് യുപി യോദ്ധയാണ് താരത്തെ സ്വന്തമാക്കിയത്.
ഇതോടെ ലീഗില്‍ ഏറ്റവും വിലയേറിയ താരമെന്ന മോനു ഗോയത്തിന്‍റെ റെക്കോഡ് പഴങ്കഥയായി. ആറാം സീസണ്‍ ലേലത്തില്‍ 1.51 കോടി രൂപയ്‌ക്കായിരുന്നു ഹരിയാന സ്റ്റീലേഴ്‌സ് മോനുവിന് സ്വന്തമാക്കിയത്.
പട്‌ന പൈറേഴ്‌സിനൊപ്പം അഞ്ച് സീസണുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നലെയാണ് പ്രദീപ് നർവാൾ ഇത്തവണ ലേലത്തിനെത്തിയത്.
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സിദ്ധാർത്ഥ് ദേശായിയെ തെലുങ്ക് ടൈറ്റൻസ് 1.30 കോടി രൂപയ്‌ക്ക് നിലനിര്‍ത്തി. മൻജീത് (92 ലക്ഷം - തമിഴ് തലൈവാസ്), സച്ചിൻ (84 ലക്ഷം - പട്ന പൈറേറ്റ്സ്), രോഹിത് ഗുലിയ (83 ലക്ഷം - ഹരിയാന സ്റ്റീലേഴ്സ്) എന്നിവരാണ് ലേലത്തില്‍ കൂടുതല്‍ തുക നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
also read: വില്ലിയൻ ബോർജസ് ആഴ്‌സണല്‍ വിട്ടു; വിമര്‍ശകര്‍ക്ക് മറുപടിയെന്ന് താരം
അതേസമയം ലീഗിന്‍റെ എട്ടാം സീസണിലേക്ക് ആകെ 59 കളിക്കാരെ മാത്രമാണ് ടീമുകൾ നിലനിർത്തിയിരുന്നത്. നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാരിയേഴ്‌സ്, മൂന്ന് തവണ ചാമ്പ്യൻമാരായ പട്‌ന പൈറേഴ്‌സ്, ഒരു തവണ വീതം ചാമ്പ്യൻമാരായിട്ടുള്ള യു മുംബൈ, ബംഗളൂരു ബുൾസ്, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് എന്നിവരാണ് ലീഗിലെ പ്രമുഖർ.
അതോടൊപ്പം എന്നും മികച്ച മത്സരം കാഴ്‌ചവെയ്ക്കുന്ന ഡബാങ് ഡെല്‍ഹി, ഗുജറാത്ത് ഫോർച്യൂൺ ജെയന്‍റ്സ്, ഹരിയാന സ്റ്റീലേഴ്‌സ്, പുണേരി പാൾട്ടൺ, തമില്‍ തലൈവാസ്, തെലുഗു ടൈറ്റൻസ്, യുപി യോദ്ധ എന്നിവരും കൂടി ചേരുമ്പോൾ പ്രൊ കബഡി ലീഗ് വാശിയേറും. കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച പ്രൊ കബഡി ലീഗിന്‍റെ എട്ടാം സീസൺ ഡിസംബറിലാണ് നടക്കുക.