ഹൈദരാബാദ്: തെലങ്കാനയിൽ നിന്നുള്ള ദ്രോണാചാര്യ അവാർഡ് ജേതാവും പ്രശസ്‌ത അത്‌ലറ്റിക്‌സ് പരിശീലകനുമായ നാഗ്‌പുരി രമേശിന് മറ്റൊരു ബഹുമതി കൂടി. ഇന്ത്യൻ ജൂനിയർ അത്‌ലറ്റിക്‌സ് ടീമിന്‍റെ മുഖ്യ പരിശീലകനായി 57-കാരനെ നിയമിച്ചു. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ) വെള്ളിയാഴ്‌ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിച്ചത്.
കമാൽ അലി ഖാന്‍റെ പകരക്കാരനായാണ് നാഗ്‌പുരി രമേശിന് ചുമത നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സീനിയർ അത്‌ലറ്റിക് പരിശീലക ചുമതലയില്‍ നിന്നാണ് നാഗ്‌പുരി രമേഷ് ഇന്ത്യൻ ജൂനിയർ അത്‌ലറ്റിക്‌സ് ടീമിന്‍റെ മുഖ്യ പരിശീലകനായെത്തുന്നത്. തെലങ്കാനയിൽ നിന്നും ജൂനിയർ അത്‌ലറ്റിക്‌സിന്‍റെ മുഖ്യ പരിശീലകനായി എത്തുന്ന ആദ്യ വ്യക്തികൂടിയാണ് നാഗ്‌പുരി രമേശ്.
പ്രഖ്യാപനത്തിന് പിന്നാലെ തന്‍റെ സന്തോഷം അദ്ദേഹം 'ഇടിവി ഭാരതി'നോട് പങ്കുവച്ചു. രാജ്യത്തിന് ചാമ്പ്യന്മാരെ നൽകാൻ താന്‍ പ്രവർത്തിക്കുമെന്നാണ് നാഗ്‌പുരി രമേശ് പ്രതികരിച്ചത്. ജൂനിയർ, സീനിയർ കായികതാരങ്ങൾ തമ്മിലുള്ള പാലമായി താന്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
'വാറങ്കലിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഞാൻ ഇന്ത്യൻ ജൂനിയർ അത്‌ലറ്റിക്‌സിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. തെലങ്കാനയിൽ നിന്നുള്ള ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ് ഞാനായിരുന്നു. സംസ്ഥാനത്ത് നിന്ന് ജൂനിയർ അത്‌ലറ്റിക്‌സിന്‍റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി എന്ന ബഹുമതി ഇപ്പോൾ എനിക്കുണ്ട്. ഈ സ്ഥാനത്തോടെ ഉത്തരവാദിത്തം വർധിക്കുന്നു. രണ്ടു പതിറ്റാണ്ടായി അത്‌ലറ്റിക്‌സ് പരിശീലകനെന്ന നിലയിലെ പ്രവര്‍ത്തനങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്' -നാഗ്‌പുരി രമേശ് പറഞ്ഞു.
ഓരോ കായിക താരവും വിജയികളാവണം: 'അത്‌ലറ്റിക്‌സിൽ സംസ്ഥാനത്തിനും രാജ്യത്തിനും നിരവധി ചാമ്പ്യന്മാർ ഉണ്ടാകണം. ഓരോ കായികതാരവും ആവശ്യകതകൾ നിറവേറ്റുകയും വിജയികളാവുകയും വേണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ് എന്നിവ കണ്ടിട്ടുണ്ട്. അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്' -അദ്ദേഹം പറഞ്ഞു.
'നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് നാം ചെയ്യുന്ന ഏതൊരു പ്രവർത്തനവും മികച്ച ഫലം നൽകുമെന്നകാര്യം നമുക്കറിയാം. 1992-ൽ, ഞാൻ എൻഐഎസ് കോഴ്‌സിന്‍റെ ബാച്ച് ടോപ്പറായി, കർണാടകയിലെ സായ് സെന്‍ററിൽ പരിശീലകനായി പ്രൊഫഷണൽ കരിയർ ആരംഭിച്ചു. അതിനുശേഷം ഹൈദരാബാദ് സായിക്ക് കീഴിലെ ഹക്കിംപേട്ട് സ്‌പോർട്‌സ് സ്‌കൂളിൽ ജോലി ചെയ്‌തു. ഹൈദരാബാദ് സായിയിലെ ഹൈപ്പർപെർഫോമൻസ് ഡയറക്‌ടർ-2 ആയും ഞാൻ പ്രവര്‍ത്തിച്ചിട്ടുണ്ട്' -നാഗ്‌പുരി രമേശ് പറഞ്ഞു.
അനുഭവ സമ്പത്ത് മുതല്‍ക്കൂട്ട്: '1999 മുതൽ ദേശീയ അത്‌ലറ്റിക്‌സ് ക്യാമ്പുകളിൽ ജൂനിയർ, സീനിയർ ടീമുകളെ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. അരുൺ ഡിസൂസ, മാധവി, ശങ്കർ, സത്തി ഗീത തുടങ്ങിയ കായികതാരങ്ങളെ പരിശീലിപ്പിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ 4x400 മീറ്റർ വനിത റിലേ ടീമിന്‍റെ പരിശീലകനായി ഞാൻ പ്രവർത്തിച്ചു.
ഒളിമ്പിക്‌സിൽ പങ്കെടുത്ത റിലേ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു. നന്ദിനി, ദീപ്‌തി, ജ്യോതി യർരാജി തുടങ്ങിയ അത്‌ലറ്റിക്‌സിൽ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന താരങ്ങളെ ഞാന്‍ പരിശീലിപ്പിച്ചതാണ്. ഇത്തരം അനുഭവപരിചയമുള്ളതിനാൽ, ഇപ്പോൾ ഒരു ജൂനിയർ ഹെഡ് കോച്ചെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ശരിയായി കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ' -അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് കീഴിൽ ജൂനിയര്‍ കായികതാരങ്ങളുണ്ട്. അതിന് മുകളില്‍ സീനിയര്‍ താരങ്ങളുണ്ട്. ഞാന്‍ അവര്‍ക്കിടയില്‍ ഒരു പാലമായി നിലകൊള്ളാനാവും ശ്രമം നടത്തുക. ജൂനിയർ അത്‌ലറ്റുകളുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനു പുറമേ, സീനിയർ തലത്തിലും മികവ് പുലർത്താൻ അവരെ പ്രോത്സാഹിപ്പിക്കും. വിദൂര ഗ്രാമങ്ങളിൽ പോലും കഴിവുള്ള കായികതാരങ്ങളുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ചില എൻജിഒകളുമായി ചേർന്ന് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 'ഗ്രാമത്തിന് വേണ്ടി കളിക്കൂ' എന്നതാണ് എന്‍റെ മുദ്രാവാക്യം' -രമേശ് പറഞ്ഞു നിര്‍ത്തി.