ദോഹ : ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ കലാശപ്പോരിന് തയ്യാറെടുക്കുകയാണ് ലയണല്‍ മെസിയുടെ അര്‍ജന്‍റീന. ഞായറാഴ്‌ച രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഖത്തറില്‍ ലോകകപ്പ് ഫൈനല്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്‍റീന വീണ്ടുമൊരു ഫൈനലിനിറങ്ങുന്നത്.
തന്‍റെ അവസാന ലോകകപ്പാണിതെന്ന് മെസി പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെസിയെ പരിക്ക് വലയ്‌ക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇടത് തുടയുടെ പേശികള്‍ക്ക് ഏറ്റ പരിക്ക് വലയ്‌ക്കുന്നതിനാല്‍ 35കാരനായ താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ക്രൊയേഷ്യക്കെതിരായ സെമി ഫൈനലില്‍ പരിക്കിന്‍റെ വേദന സഹിച്ചാണ് താരം മുഴുവന്‍ കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുടയില്‍ അസ്വസ്ഥതയുണ്ടെങ്കിലും മെസി ഫൈനലിനിറങ്ങുമെന്നാണ് അർജന്‍റീനിയൻ വാർത്ത ഏജൻസിയായ ക്ലാരിൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also read: മെസിയോ എംബാപ്പെയോ?; കിരീടം ആര്‍ക്കെന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി നെയ്‌മര്‍
ഖത്തറില്‍ അര്‍ജന്‍റീനയെ മുന്നില്‍ നിന്നും നയിക്കുന്ന നായകനാണ് മെസി. കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും മാന്‍ ഓഫ് ദ മാച്ചായ താരം അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്. മൂന്ന് അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്.