ദോഹ: അർജന്‍റീനയുടെ ജീവശ്വാസമാണ് നായകനായ ലയണൽ മെസി. ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയെ കീഴടക്കി ഫൈനൽ പോരാട്ടത്തിന് ഇടമുറപ്പിച്ചപ്പോഴും മെസിയായിരുന്നു നീലപ്പടയുടെ കരുത്ത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന ആരാധകരുടെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും വീണ്ടും പുതുജീവൻ നൽകിയ പ്രകടനം..
ഞായറാഴ്‌ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്‍റെ അവസാന മത്സരമാകുമെന്ന് മെസി വ്യക്തമാക്കുകയും ചെയ്‌തു. ക്രൊയേഷ്യക്കെതിരായ മത്സരശേഷം അർജന്‍റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല ടീമിന്‍റെ വിജയത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ല; ലോകകപ്പിലെ എന്‍റെ യാത്ര ഫൈനൽ മത്സരത്തോടെ പൂർത്തിയാക്കാനാവുന്നതിൽ, അവസാന മത്സരമായി ഫൈനൽ കളിക്കാനാവുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അടുത്ത ലോകകപ്പിന് ഇനിയും നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്.
ലോകകപ്പ് എന്ന ലക്ഷ്യം നേടാന്‍ പരമാവധി പൊരുതും. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെ ലോകകപ്പിൽ അർജന്‍റീനയുടെ നിലനിൽപ്പിനെ കുറിച്ച് ഫുട്‌ബോൾ ലോകം വാചാലരായിരുന്നു. എന്നാൽ ആ തോൽവിയിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരു ടീമിനെയാണ് തുടർന്നുള്ള മത്സരങ്ങളിൽ കാണാനായത്. ആ
പരാജയം ടീമിനെ കൂടുതൽ കരുത്തരാക്കിയെന്നായിരുന്നു മെസിയുടെ പ്രതികരണം. 'ഞങ്ങൾ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ മത്സരങ്ങളും ഫൈനലിന് തുല്ല്യമായിരുന്നു. അതെല്ലാം അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു'- ഫൈനലിലെത്തിയതിനു പിന്നാലെ മെസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
റെക്കോഡുകളുടെ ഉറ്റതോഴൻ: കരിയറിലെ അവസാന ലോകകപ്പിനായി ഖത്തറിലെത്തിയ മെസി വിശ്വകിരീടത്തിലേക്ക് ഒരു ചവിട്ടുപടി മാത്രമകലെയാണ്. അതോടൊപ്പം തന്നെ റെക്കോഡുകൾ കൊണ്ടും കരിയറിന്‍റെ അവസാന സമയം അവിസ്‌മരണീയമാക്കുകയാണ് താരം. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് അദ്ദേഹം വലയിലെത്തിച്ചത് ഒപ്പം മൂന്ന് അസിസ്റ്റുകളും.
ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ ഗോളോടെ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനെന്ന ഖ്യാതിയും ഇനി മെസിക്ക് സ്വന്തം. അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് മറികടന്ന് ലോകകപ്പില്‍ തന്‍റെ 11-ാം ഗോളാണ് മെസി സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരനായ ലയണല്‍ മെസി.
1996ന് ശേഷം വ്യത്യസ്‌ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരമെന്ന നേട്ടം കരസ്ഥമാക്കി ഏറെ പഴക്കം ചെന്നൊരു റെക്കോര്‍ഡു കൂടി തിരുത്തിയിരിക്കുകയാണ് മെസി. 2014ലെ നാല് ഗോള്‍ നേട്ടം മറികടന്ന മെസി 5 ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലാണ്. 5 ഗോളും 2 അസിസ്റ്റുമായി കിലിയൻ എംബാപ്പെയും 4 ഗോളുമായി ഒലിവർ ജിറൂഡും ജൂലിയൻ അൽവാരസുമാണ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിൽ മെസിക്കൊപ്പമുള്ളത്.