മാഡ്രിഡ്: ലാ ലിഗ ക്ലബ് റയൽ മാഡ്രിഡ് 2021-22 സീസണിൽ നേടിയത് 13 മില്യൺ യൂറോയുടെ ലാഭം. നിലവില്‍ 425 മില്യൺ യൂറോയുടെ ക്യാഷ് ബാലന്‍സാണ് തങ്ങള്‍ക്കുള്ളതെന്ന് ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച മൂന്ന് സാമ്പത്തിക വർഷങ്ങളിലും ലാഭത്തില്‍ തുടരാന്‍ കഴിഞ്ഞതായും ക്ലബ് അറിയിച്ചിട്ടുണ്ട്.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതലുള്ള വരുമാന നഷ്‌ടം 400 മില്യണ്‍ യൂറോയില്‍ തൊട്ടതായും ക്ലബ് വ്യക്തമാക്കി. സ്റ്റേഡിയം പുനർവികസന പദ്ധതി ഒഴികെയുള്ള മൊത്തം കടം 2022 ജൂൺ 30 വരെ 263 ദശലക്ഷം യൂറോയിൽ എത്തിയതായും ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു.
റയലിനെ സംബന്ധിച്ച് മിന്നും സീസണാണ് കടന്ന് പോയത്. സ്‌പാനിഷ് സൂപ്പര്‍ കപ്പ്, ലാ ലിഗ കിരീടം എന്നിവയ്‌ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കാന്‍ റയലിന് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത റയല്‍ തങ്ങളുടെ 14-ാമത് കിരീടമാണ് സ്വന്തമാക്കിയത്.
അതേസമയം സീസണിലും റയല്‍ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച മുഴുവന്‍ മത്സരങ്ങളും ജയിച്ച സംഘം നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 15 പോയിന്‍റാണ് റയലിനുള്ളത്. നാല് വിജയവും ഒരു സമനിലയുമുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുണ്ട്.