സുഞ്ചിയോൺ : കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പിവി സിന്ധുവിന് പിന്നാലെ കിഡംബി ശ്രീകാന്തും സെമിയിൽ പുറത്ത്. പുരുഷ സിംഗിൾസ് സെമിയിൽ ഇന്തോനേഷ്യയുടെ ലോക എട്ടാം നമ്പര്‍ താരമായ ജോനാഥൻ ക്രിസ്റ്റിയോടാണ് ശ്രീകാന്ത് കീഴടങ്ങിയത്. 50 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക 12ാം നമ്പറായ ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. സ്‌കോര്‍: 19-21, 16-21.
പലകുറി മുന്നിട്ട് നിന്നതിന് ശേഷമാണ് ശ്രീകാന്തിന് ആദ്യ സെറ്റ് നഷ്‌ടമായത്. ക്രിസ്റ്റിക്കെതിരെ തുടർച്ചയായി നാല് പോയിന്‍റുകൾ നേടി 5-2ന് തുടക്കം തന്നെ ശ്രീകാന്ത് ലീഡ് ചെയ്തിരുന്നു. എന്നാൽ ഇന്തോനേഷ്യൻ താരം 6-6 ന് ഒപ്പമെത്തി. ഇടവേളയ്‌ക്ക് ശേഷം ഒരു ഘട്ടത്തില്‍ 11-8 എന്ന നിലയിലും, 18-17നും ഇന്ത്യന്‍ താരം മുന്നിട്ട് നിന്നെങ്കിലും 21-19ന് ക്രിസ്‌റ്റി സെറ്റ് പിടിച്ചു.
രണ്ടാം സെറ്റിന്‍റെ തുടക്കം തന്നെ മൂന്ന് പോയിന്‍റ് ലീഡുമായി തുടങ്ങിയ ഇന്തോനേഷ്യന്‍ താരം ഒരു ഘട്ടത്തിലും പിന്നില്‍ പോവാന്‍ തയ്യാറായിരുന്നില്ല. ഒരു ഘട്ടത്തില്‍ 14-13ന് ക്രിസ്‌റ്റിയുടെ ഒപ്പം പിടിക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ 19-14 ലേക്കും തുടര്‍ന്ന് 21-16ലേക്കും ലീഡുയര്‍ത്തിയ ലോക എട്ടാം നമ്പര്‍ താരം മത്സരവും സ്വന്തമാക്കി.
also read: തായ്‌ലൻഡ് ഓപ്പൺ : അമിത് പംഗലടക്കം മൂന്ന് ബോക്‌സർമാർ കൂടെ ഫൈനലിൽ
അതേസമയം വനിത സിംഗില്‍സില്‍ ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് അൻ സെയോങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് മൂന്നാം സീഡ് പിവി സിന്ധു മടങ്ങുന്നത്. 49 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 14-21, 17-21 എന്ന സ്കോറിനാണ് കൊറിയൻ താരത്തിനുമുന്നിൽ സിന്ധു അടിയറവ് പറഞ്ഞത്.