ന്യൂഡൽഹി: രാജ്യത്ത് അനിയന്ത്രിതമായി കൊവിഡ്, ഒമിക്രോണ്‍ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിൽ ഹരിയാനയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മാറ്റിവച്ചു. ഫെബ്രുവരി 5 മുതൽ 14 വരെയാണ് ഗെയിംസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. കൊവിഡ് സാഹചര്യം അവലോകനം ചെയ്‌ത ശേഷം പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
2021 നവംബർ ഡിസംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിംസ് കൊവിഡ് സാഹചര്യം കാരണമാണ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്. എന്നാൽ ഒമിക്രോണ്‍ ഉൾപ്പെടെ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തിൽ മത്സരം മാറ്റി വയ്‌ക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
ALSO READ: IND VS SA: പൊരുതിയത് കോലി മാത്രം; കേപ് ടൗണിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച, 223 ന് പുറത്ത്
25 കായിക ഇനങ്ങളിലായി ഏകദേശം 10,000 കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ അവസാന പതിപ്പ് 2020 ജനുവരിയിൽ അസമിലെ ഗുവാഹത്തിയിലാണ് നടന്നത്. 2018-ലെ യൂത്ത് ഗെയിംസിന്‍റെ ആദ്യ പതിപ്പിലെ വിജയിയായിരുന്നു ആതിഥേയരായ ഹരിയാന.