യൂജിന്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് നീരജ് ചോപ്ര. ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോടാണ് നീരജിന്‍റെ പ്രതികരണം. മത്സരത്തിന്‍റെ വർദ്ധിച്ച നിലവാരം കണക്കിലെടുക്കുമ്പോൾ വെള്ളി മെഡല്‍ നേട്ടം സംതൃപ്‌തമാണെന്നും നീരജ് പറഞ്ഞു.
"ലോക ചാമ്പ്യൻഷിപ്പില്‍ മെഡല്‍ നേടാനായത് വലിയ ബഹുമതിയാണ്. അത്‌ലറ്റിക്‌സിന് ഇതൊരു വലിയ മത്സരമാണ്. ചില സമയങ്ങളില്‍ ഒളിമ്പിക്‌സിനേക്കാൾ കഠിനമായ പോരാട്ടങ്ങളാണ് ഇവിടെ നടക്കാറുള്ളത്. ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡുകള്‍ ഒളിമ്പിക്‌സിനേക്കാള്‍ ഉയര്‍ന്നതാണ്.
ഈ വര്‍ഷം നോക്കുകയാണെങ്കില്‍, എറിയുന്നവരെല്ലാം മികച്ച ഫോമിലാണ്. മത്സരം കഠിനമായിരുന്നു. മത്സരാർഥികൾ മികച്ച പ്രകടനം നടത്തിയത് വെല്ലുവിളിയായി. സ്വർണത്തിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഓരോ തവണയും നമുക്ക് സ്വർണം നേടാനാവില്ലെന്ന് വിശ്വസിക്കേണ്ടതുണ്ട്. എന്നാല്‍ അതിനായി കഴിയുന്നതെല്ലാം ഞാൻ ചെയ്യും. പരിശീലനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”, നീരജ് ചോപ്ര പറഞ്ഞു.
ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ച സഹതാരങ്ങളെയും നീരജ് അഭിനന്ദിച്ചു. "മുഴുവൻ ഇന്ത്യൻ സംഘവും മികച്ച പ്രകടനം കാഴ്‌ചവച്ചതിൽ സന്തോഷമുണ്ട്. പലരും (6 പേര്‍) ഫൈനലിൽ പ്രവേശിച്ചു. ഇത് ഇന്ത്യൻ അത്‌ലറ്റിക്‌സിന് നല്ല തുടക്കമാണെന്ന് കരുതുന്നു. വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നമ്മുടെ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്", നീരജ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ 90.54 മീറ്റര്‍ ദൂരത്തോടെ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണ മെഡല്‍ നേടിയത്. ഫൈനലില്‍ മൂന്ന് തവണ 90 മീറ്റര്‍ മാര്‍ക്ക് പിന്നിടാന്‍ ആന്‍ഡേഴ്‌സന് കഴിഞ്ഞിരുന്നു. ഇതിനായി ആന്‍ഡേഴ്‌സന്‍ വലിയ പരിശ്രമം നടത്തിയിരിക്കണമെന്നും നീരജ് പറഞ്ഞു. ആന്‍ഡേഴ്‌സന്‍ കഠിനാധ്വാനം ചെയ്‌തതിൽ സന്തോഷമുണ്ടെന്നും തനിക്ക് ഇത് നല്ല മത്സരങ്ങള്‍ നല്‍കുമെന്നും നീരജ് പറഞ്ഞു.