പനാജി : ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ഹെര്‍നന്‍ സന്‍റാന നോര്‍ത്ത് ഈസ്റ്റിനായും ഐറന്‍ കബ്രെറ ഗോവയ്‌ക്കായും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ഹെര്‍നന്‍ സന്‍റാനയിലൂടെ മുന്നിലെത്താന്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു. ഫ്രീ കിക്കിലൂടെയാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. എന്നാല്‍ 39ാം മിനിട്ടില്‍ ഐറന്‍ കബ്രെറയിലൂടെ ഗോവ ഒപ്പം തിരിച്ചടിച്ചു. ആല്‍ബര്‍ട്ടോ നൊഗ്വേരയുടെ ക്രോസില്‍ ഹെഡറിലൂടെയാണ് കബ്രെറയുടെ ഗോള്‍ നേട്ടം.
കളിയില്‍ 68 ശതമാനം പന്ത് കൈവശംവച്ച് ആധിപത്യം പുലര്‍ത്തിയ ഗോവയ്‌ക്ക് ഗോള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് എട്ട് തവണ ഷോട്ടുതിര്‍ത്ത സംഘം 12 കോര്‍ണറുകളും നേടിയെടുത്തു. എന്നാല്‍ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളുകളാണ് നോര്‍ത്ത് ഈസ്റ്റിന് ഉതിര്‍ക്കാനായത്.
സമനിലയോടെ 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റുമായി ഗോവ എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണ്.