ടെഹ്‌റാൻ (ഇറാൻ): ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തതിന് ക്ഷമാപണവുമായി ഇറാനിയൻ ക്ലൈംബിങ് താരം എല്‍നാസ് റെക്കാബി. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് രാജ്യാന്തര മത്സരവേദിയിൽ ശിരോവസ്‌ത്രമില്ലാതെ എല്‍നാസ് റെക്കാബി പങ്കെടുത്തത്. ഇറാനെ പ്രതിനിധീകരിച്ച് ഒരു സ്‌ത്രീ ഹിജാബ് ധരിക്കാതെ മത്സരത്തിനെത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഹിജാബ് ധരിക്കാത്തത് ബോധപൂർവമല്ലെന്നും, ഇറാൻ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് റെക്കാബി പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത സമയത്താണ് തന്നെ മത്സരത്തിനായി വിളിച്ചത്. അപ്രതീക്ഷിതമായി തന്‍റെ ശിരോവസ്‌ത്രത്തിൽ ഒരു പ്രശ്‌നമുണ്ടാകുകയായിരുന്നു എന്നാണ് റെക്കാബി ഇൻസ്‌റ്റയിൽ പോസ്‌റ്റ് ചെയ്‌തത്.
നീണ്ട മുടി പറക്കാതിരിക്കാന്‍ ഒരു കറുത്ത ബാന്‍ഡ് മാത്രം ധരിച്ചാണ് റെക്കാബി മത്സരിക്കാനിറങ്ങിയത്. ദക്ഷിണ കൊറിയയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്പോര്‍ട്‌സ് ക്ലൈംബിങ്ങിന്‍റെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഹിജാബ് ധരിക്കാതെ താരം പങ്കെടുത്തത്. മത്സരത്തിൽ നാലാം സ്ഥാനം മാത്രമാണ് നേടിയതെങ്കിലും ഹിജാബ് ധരിക്കാതെ റെക്കാബി ഇറാനെ പ്രതിനിധീകരിച്ചെത്തിയത് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
‘എന്‍റെ നാട്ടിലെ ധീരരായ എല്ലാ പോരാളികള്‍ക്കുമൊപ്പം’ എന്നായിരുന്നു മത്സരത്തിന് ശേഷം എല്‍നാസ് റെക്കാബിയുടെ പ്രതികരണം. എന്നാൽ ഹിജാബ് ധരിക്കാതെ മത്സരിച്ചതിന് ശേഷം റെക്കാബിയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ റെക്കാബിയുടെ ജീവന് ഭീഷണിയുണ്ടെന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചെങ്കിലും അതെല്ലാം ദക്ഷിണകൊറിയയിലെ ഇറാന്‍ എംബസി നിഷേധിച്ചിരുന്നു.
അതേസമയം താരത്തിനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 43 വര്‍ഷത്തെ ഇറാനിയന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു സ്‌ത്രീ ഹിജാബ് ധരിക്കാതെ ഒരു മത്സരരംഗത്തിറങ്ങുന്നത്. വനിത അത്‌ലറ്റുകളും കായികതാരങ്ങളും ഹിജാബ് ധരിക്കണമെന്നത് ഇറാനിലെ നിയമമാണ്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് കുര്‍ദിസ്ഥാൻ സ്വദേശിയായ മഹ്‌സ അമിനിയെന്ന 22 കാരിയെ പൊലീസ് പിടികൂടുകയും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തതോടെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. ഇതിനെതിരെ നിരവധി സ്‌ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏതാനും ദിവസങ്ങളായി ഇറാനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.