പാരീസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഘാനയ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ബ്രസീല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഘാനയെ തോല്‍പ്പിച്ചത്. കാനറികള്‍ക്കായി റിച്ചാര്ലിസണ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കീഞ്ഞോസാണ് ലക്ഷ്യം കണ്ട മറ്റൊരു താരം.
ഫ്രാന്‍സിലെ സ്റ്റേഡ് ഓഷ്യൻ സ്റ്റേഡിയത്തിലാണ് കളി നടന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബ്രസീലിന്റെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്. ഒമ്പതാം മിനിട്ടില്‍ തന്നെ മാര്ക്കീഞ്ഞോസിലൂടെ ബ്രസീല്‍ മുന്നിലെത്തി.
റാഫീഞ്ഞയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് 28, 40 മിനിട്ടുകളിലാണ് റിച്ചാര്ലിസണ് ലീഡുയര്‍ത്തിയത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സൂപ്പര്‍ താരം നെയ്മറാണ്.
മത്സരത്തിന്റെ 64 ശതമാനവും പന്ത് കൈവശം വച്ച ബ്രസീല്‍ ആധിപത്യം പുലര്‍ത്തി. ഓണ്‍ ടാര്‍ഗറ്റിലേക്ക് ബ്രസീല്‍ ഒമ്പത് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരേയൊരു ഷോട്ടാണ് ഘാനയ്ക്ക് ഉതിര്‍ക്കാനായത്.