റോം : കോപ്പ ഇറ്റാലിയ കിരീടം ചൂടി ഇന്‍റര്‍ മിലാന്‍. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരാട്ടത്തില്‍ യുവന്‍റസിനെയാണ് ഇന്‍റര്‍ മിലാന്‍ തകര്‍ത്തത്. എക്‌സ്‌ട്രാ ടൈം വരെ നീണ്ട അറ് ഗോള്‍ ത്രില്ലറിലാണ് ഇന്‍റര്‍മിലാന്‍ പൊരുതിക്കയറിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സംഘം ജയം പിടിച്ചത്.
ഇന്‍ററിനായി ഇവാന്‍ പെരിസിച്ച് ഇരട്ട ഗോള്‍ നേടി. നിക്കോളാസ് ബരേല്ല, ഹാകന്‍ ചാഹനൊഗ്ലു എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. അലക്‌സ് സാന്‍ട്രോ, വ്ലാഹോവിക് എന്നിവരാണ് യുവന്‍റസിനായി ലക്ഷ്യം കണ്ടത്. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിന്‍റെ ആറാം മിനിട്ടില്‍ തന്നെ ബരേല്ലയിലൂടെ മുന്നിലെത്താന്‍ ഇന്‍ററിനായി.
ഈ ലീഡോടെ ആദ്യ പകുതി അവസാനിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സംഘം ലീഡ് വഴങ്ങി. യുവന്‍റസിനായി 50ാം മിനിട്ടില്‍ സാന്‍ട്രോയും, 52ാം മിനിട്ടില്‍ വ്ലാഹോവികുമാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ 80ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാകന്‍ ചാഹനൊഗ്ലു ഇന്‍ററിനെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് എക്‌സ്‌ട്രാ ടൈമിലേക്ക് മത്സരം നീണ്ടു. ഗോളടിക്കാന്‍ ഇരു സംഘവും പൊരുതിക്കളിച്ചെങ്കിലും 99ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പെരിസിച് ഇന്‍ററിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് 102ാം മിനിട്ടിലും താരം ലക്ഷ്യം കണ്ടതോടെ ഇന്‍റര്‍ വിജയം ഉറപ്പിച്ചു. ഇന്‍ററിന്‍റെ എട്ടാം കോപ്പ ഇറ്റാലിയ കിരീടമാണിത്.
11 വർഷങ്ങള്‍ക്ക് മുന്നേയായിരുന്നു സംഘം നേരത്തെ കോപ്പ ഇറ്റാലിയ കിരീടം ചൂടിയത്. ഇതിന് മുന്‍പുള്ള സീസണുകളില്‍ ഫൈനലിലെത്താന്‍ ഇന്‍ററിന് കഴിഞ്ഞിരുന്നില്ല.
അതേസമയം തോൽവിയോടെ യുവന്‍റസിന്‍റെ ഈ സീസണിലെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചു. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ തോല്‍വി വഴങ്ങിയ സംഘം, സീരി എ കിരീടത്തിനായുള്ള പോരാട്ടത്തില്‍ പിന്നിലാണ്. 2010-11 ന് ശേഷം ഇത് ആദ്യമായാണ് ഒരുകിരീടവുമില്ലാതെ യുവന്‍റസ് ഒരു സീസണില്‍ അവസാനിപ്പിക്കുന്നത്.