ഹൈദരാബാദ്: അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വാർഷിക യോഗത്തിന് മുംബൈ ആതിഥേയത്വം വഹിക്കുന്നു. 2023-ലെ വാർഷിക യോഗം മുംബൈയില്‍ നടത്താനുള്ള ശുപാർശ എക്സിക്യൂട്ടീവ് ബോർഡ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചു. അടുത്ത ജൂലൈയില്‍ ടോക്കിയോയില്‍ നടക്കുന്ന 136-ാമത് ഐഒസി യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുകയും അന്തിമമായുള്ള പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യും.
ഒളിമ്പിക് കായിക ഇനങ്ങൾക്ക് ഇന്ത്യയില്‍ ലഭിക്കാവുന്ന പ്രധാന്യം കണക്കിലെടുത്താണ് യോഗത്തിനുള്ള വേദിയായി മുംബൈയെ തെരഞ്ഞെടുത്തതെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാക്ക് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ യുവജനങ്ങൾ കൂടുതലാണ് എന്നതും പരിഗണനക്ക് വന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഒളിമ്പികിസില്‍ ഉൾപ്പെട്ട കായിക ഇനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാനായി ഇന്ത്യന്‍ ഒളിമ്പക് കമ്മിറ്റിയെയും ദേശീയ ഫെഡറേഷനുകളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും തോമസ് ബാക്ക് പറഞ്ഞു.
നേരത്തെ യോഗത്തിന് വേദിയായി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഐഒസിയുടെ ഇവാലുവേഷന്‍ കമ്മീഷന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈയില്‍ സന്ദർശനം നടത്തിയിരുന്നു. അന്ന് മുംബൈയില്‍ മത്സരം നടത്താനുള്ള തീരുമാനത്തെ കമ്മീഷന്‍ പിന്തുണച്ചിരുന്നു. ഇതിന് മുമ്പ് 1983-ലാണ് ഇന്ത്യ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വാർഷിക യോഗത്തിന് വേദിയായത്. അന്ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് യോഗം സംഘടിപ്പിച്ചത്.