മുംബൈ: ഇന്ത്യൻ പുരുഷ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. അടുത്തിടെ ഭുവനേശ്വറിൽ സമാപിച്ച ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് റീഡിന്‍റെ രാജി പ്രഖ്യാപനം. 58 കാരനായ റീഡ് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കിക്ക് രാജിക്കത്ത് നല്‍കി.
അനലിറ്റിക്കൽ കോച്ച് ഗ്രെഗ് ക്ലാർക്ക്, സയന്‍റിഫിക് ഉപദേഷ്‌ടാവ് മിച്ചൽ ഡേവിഡ് പെംബർട്ടൺ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. പുതിയ മാനേജ്‌മെന്‍റിനായി സ്വയം മാറി നില്‍ക്കേണ്ട സമയമാണിതെന്ന് റീഡ് അറിയിച്ചു.
"ടീമിനും ഹോക്കി ഇന്ത്യയ്‌ക്കുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയും പദവിയുമാണ്, ഈ ഐതിഹാസ യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ടീമിന് എല്ലാവിധ ആശംസകളും നേരുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഏപ്രിലിലാണ് ഓസ്‌ട്രേലിയക്കാരനായ റീഡ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായെത്തുന്നത്. തുടര്‍ന്ന് 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിക്കാന്‍ റീഡിന് കഴിഞ്ഞിരുന്നു. ഒളിമ്പിക്‌സില്‍ വീണ്ടുമൊരു മെഡലിനായുള്ള 41 വർഷത്തെ കാത്തിരിപ്പായിരുന്നു അന്ന് ഇന്ത്യന്‍ ടീം ടോക്കിയോയില്‍ അവസാനിപ്പിച്ചത്.
ഗോൾമഴ പെയ്ത മത്സരത്തിൽ ജര്‍മനിയെ 5-4 ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. അതേസമയം ഹോക്കി ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയ്‌ക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഫൈനലില്‍ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ജർമനി ചാമ്പ്യന്മാരായിരുന്നു.