ഹാങ്‌ചോ : ചൈനയില്‍ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വിവിധ ഇനങ്ങളിലായി ഇന്ത്യ മെഡലുകള്‍ നേടിയും റെക്കോഡുകള്‍ തീര്‍ത്തും മുന്നേറുകയാണ്. ഇതിനോടകം രാജ്യം 100 മെഡലുകളെന്ന നാഴികക്കല്ലിലേക്കും അടുത്തിരിക്കുന്നു. രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്താന്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മികച്ച രീതിയില്‍ തന്നെ പല ഇനങ്ങളിലുമായി കത്തിക്കയറുകയുമാണ് (India In Asian Games 2023).
ഈ ആവേശകരമായ ജൈത്രയാത്രയില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത് ഗുസ്‌തിയും ഹോക്കിയും ഉള്‍പ്പടെ ചില പ്രത്യേക കായിക ഇനങ്ങളിലെ നിര്‍ണായകമായ നേട്ടങ്ങളാണ്. ഇനി മെഡല്‍ സ്വപ്‌നങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതാവട്ടെ ഈ ഇനങ്ങളും:
- സ്ക്വാഷ് -(1): ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്ക്വാഷിലെ പ്രകടനം കൈയ്യടി അര്‍ഹിക്കുന്നതായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കൽ-ഹരീന്ദർ പാൽ സിങ് സന്ധു സഖ്യം സ്വര്‍ണം സ്വന്തമാക്കി. മാത്രമല്ല നിലവില്‍ പുരുഷ സിംഗിള്‍സില്‍ മറ്റൊരു മെഡല്‍ ഉറപ്പായതോടെ സ്‌ക്വാഷില്‍ ഇന്ത്യയുടെ ഭാവി ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുകയാണ്.
- ഗുസ്‌തി -(6): ഫ്രീസ്‌റ്റൈൽ ഗുസ്‌തി ഇന്ത്യയുടെ ശക്തിയാണെന്നകാര്യം പരസ്യമാണ്. ഈയിനത്തിലാണ് രാജ്യത്തിനായി അന്തിം പംഗലും പൂജ ഗെലോട്ടും അധികം വൈകാതെ കളത്തിലിറങ്ങാനിരിക്കുന്നത്. ഇവരിലൂടെ രണ്ട് മെഡലുകള്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന് തന്നെയാണ് കായിക ലോകം വിശ്വസിക്കുന്നത്. ഇവരെ കൂടാതെ 65 കിലോഗ്രാം വിഭാഗത്തില്‍ കിരണും 76 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌റംഗ് പുനിയയും മത്സരിക്കാനെത്തുമ്പോഴും രാജ്യം സുപ്രധാന മെഡലുകളില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ റസ്‌ലിങ്ങില്‍ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയയും 125 കിലോഗ്രാം വിഭാഗത്തില്‍ സുമിത്തും ശക്തരായ മത്സരാര്‍ഥികള്‍ തന്നെയാണ്.
- ഹോക്കി- (2): ഇതുവരെ നടന്ന സുപ്രധാന ടൂര്‍ണമെന്‍റുകളിലൊക്കെ ഇന്ത്യയ്‌ക്ക് അഭിമാനമായ ഒന്നാണ് ഹോക്കി. ഇതില്‍ തന്നെ പുരുഷ ഹോക്കി ടീമും വനിത ഹോക്കി ടീമും ഒരുപോലെ കൈയ്യടി അര്‍ഹിക്കുന്നുമുണ്ട്. ഇതിന്‍റെ നേര്‍സാക്ഷ്യമായിരുന്നു മെഡലുറപ്പിച്ച് പുരുഷ ഹോക്കി ടീം ഫൈനലിലേക്ക് കുതിച്ചത്. ഇതിനൊപ്പം മറ്റൊരു മെഡല്‍ സ്വപ്‌നം വിരിയിച്ച് വനിത ഹോക്കി ടീമും സെമിയില്‍ മികച്ച രീതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇരു ടീമുകളും ശക്തമായ കുതിപ്പ് തുടര്‍ന്നാല്‍ സുവര്‍ണ മെഡലുകള്‍ ഇന്ത്യന്‍ ഷെല്‍ഫില്‍ ഇരിക്കുമെന്നുറപ്പാണ്.
- അമ്പെയ്ത്ത്- (3): ഇന്ത്യയുടെ മറ്റൊരു ശക്തമായ മേഖലയാണ് അമ്പെയ്‌ത്ത്. ഇതിനോടകം വ്യക്തിഗത ഫൈനല്‍ സ്വര്‍ണത്തിലേക്ക് അമ്പെയ്‌ത ജ്യോതി സുരേഖ, ഒരു മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതുകൂടാതെ പുരുഷന്മാരുടെ കോമ്പൗണ്ട് സ്വര്‍ണ മെഡലിനായി രണ്ട് ഫൈനലിസ്‌റ്റുകളായി അഭിഷേക് വര്‍മയും ഓജസ് പ്രവീണും സജീവമായുണ്ട്.
- ക്രിക്കറ്റ്- (1): ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റില്‍ നേപ്പാളിനെതിരായ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ വെടിക്കെട്ട് വിജയം രാജ്യം ആഘോഷമാക്കിയതാണ്. ഇതോടെ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തിലുള്ള ടീം മെഡല്‍ പ്രതീക്ഷകളും നല്‍കി കഴിഞ്ഞു. ഏത് ടീമിനെയും നിഷ്‌പ്രഭമാക്കാന്‍ കെല്‍പ്പുള്ളവരെന്ന് ഖ്യാതിയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വര്‍ണത്തില്‍ കുറഞ്ഞത് രാജ്യം പ്രതീക്ഷിക്കുന്നുമില്ല. അതേസമയം ഇതിനോടകം സ്വര്‍ണം ഷെല്‍ഫിലെത്തിച്ച ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
- കബഡി- (2): ഇതും ഇന്ത്യയുടെ ശക്തമായ മേഖലയാണ്. ഈ വര്‍ഷവും അതിന് മാറ്റമില്ല. അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് പുരുഷ-വനിത ടീമുകള്‍ സ്വര്‍ണം കൊയ്യുമെന്നത് ഏറെക്കുറെ ഉറപ്പാണ്. അതല്ലാത്തപക്ഷം ഇരു ടീമുകളും രണ്ട് മെഡല്‍ ഉറപ്പിച്ചാലും അത് രാജ്യത്തിന് അഭിമാനം തന്നെയാണ്.
- ബാഡ്‌മിന്‍റൺ- (2): പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ എച്ച്‌എസ് പ്രണോയിയിലൂടെ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് ഏഷ്യന്‍ ഗെയിംസില്‍ കാഴ്‌ചവച്ചത്. ഈയൊരു പോരാട്ടവീര്യം തന്നെയാണ് പ്രണോയ് വഴി ഇന്ത്യയ്‌ക്ക് വെങ്കല മെഡല്‍ ഉറപ്പിച്ചതും. ചിരാഗ് ഷെട്ടി-സത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി എന്ന പേരുകേട്ട പുരുഷ ഡബിള്‍സ് ജോഡികളിലൂടെ ഇന്ത്യ ഇനിയും മെഡലുകള്‍ സ്വപ്‌നം കാണുകയാണ്.
- ബ്രിഡ്‌ജ് -(1): ബ്രിഡ്‌ജിലും (കാര്‍ഡുകള്‍ കൊണ്ടുള്ള കളി) ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ബ്രിഡ്‌ജിലെ പുരുഷ ടീം ഇനത്തില്‍ ചൈനയ്‌ക്കെതിരെ വെള്ളി മെഡലെങ്കിലും പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുക.