ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് ചരിത്ര സ്വര്‍ണം (India men's Hockey team wins Gold at Asian Games 2023). ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 5-1 എന്ന സ്‌കോറിന് മുട്ടുകുത്തിച്ചാണ് ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞത് (India beat Japan in Asian Games 2023 Final ). ഏഷ്യാഡില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും സ്വര്‍ണം നേടുന്നത്. ഇതിന് മുമ്പ് 2014 ഇഞ്ചിയോണിലാണ് ഇന്ത്യ അവസാനമായി സ്വർണം നേടിയത്. 1966, 1998 വര്‍ഷങ്ങളിലും ഏഷ്യാഡില്‍ ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണം തൂക്കിയിരുന്നു.
ഹാങ്‌ചോയിലെ വിജയത്തോടെ 2024-ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (Harmanpreet Singh ) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മൻപ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവരും ലക്ഷ്യം കണ്ടു. മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ PR Sreejesh പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമായി. സെറെന്‍ ടനാകയാണ് ജപ്പാന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ആദ്യ ക്വാര്‍ട്ടറില്‍ ഇരുവശത്തേക്കും ചില മുന്നേറ്റങ്ങളുണ്ടായിരുന്നുവെങ്കിലും ഗോളൊഴിഞ്ഞു നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഹർമൻപ്രീത് സിങ്ങിന്‍റെ സംഘം ഗോളടി തുടങ്ങി. 25-ാം മിനിട്ടിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. മനോഹരമായ ഒരു റിവേഴ്‌സ് സ്വീപ്പിലൂടെ മൻപ്രീത് സിങ്ങാണ് സ്‌കോര്‍ ചെയ്‌തത്. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. 32-ാം മിനിട്ടില്‍ ഹർമൻപ്രീത് സിങ്ങായിരുന്നു ഗോളടിച്ചത്. പിന്നാലെ അമിത് രോഹിദാസ് ലക്ഷ്യം കണ്ടതോടെ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 3-0 എന്ന സ്‌കോറിന് ഇന്ത്യ മുന്നിലെത്തി. അവസാന ക്വാര്‍ട്ടറിന്‍റെ 48-ാം മിനിട്ടില്‍ അഭിഷേകും ഗോളടിച്ചതോടെ ജപ്പാന്‍ കരഞ്ഞു. പക്ഷേ 51-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ടനാക ഇന്ത്യന്‍ വലയിലേക്ക് ആദ്യമായി പന്തെത്തിച്ചു.
ഇതിന് തൊട്ടുമുന്നെ ജപ്പാന് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചുവെങ്കിലും മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെയാണ് ഹര്‍മന്‍പ്രീത് സിങ് തന്‍റെ രണ്ടാം ഗോള്‍ നേടി ജപ്പാന്‍റെ പെട്ടിയിലെ അവസാന ആണി അടിച്ചത്. ഹാങ്‌ചോ ഗെയിംസില്‍ ഇന്ത്യ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്.