പട്യാല: കൊവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ പിന്തുടരണമെന്ന് ഇന്ത്യൻ സ്പ്രിന്‍റർ ഹിമാ ദാസും വെയ്റ്റ് ലിഫ്റ്റർ മിറാബായ് ചാനുവും. ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോൺഫറൻസില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് എല്ലാ കായികതാരങ്ങളുമായും സംസാരിച്ച പ്രധാനമന്ത്രിയോട് ഹിമാ ദാസ് നന്ദി പറഞ്ഞു. കൊവിഡ് -19 നേരിടാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
ആളുകൾ ലോക്ക്ഡൗൺ ലംഘിക്കുകയും പൊലീസിനും ഡോക്ടർമാർക്കും നേരെ കല്ലെറിയുകയും ചെയ്യുന്നതിൽ സങ്കടമുണ്ടെന്നും ഹിമാ ദാസ് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ വിരാട് കോഹ്‌ലി, സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, മേരി കോം എന്നിവരുൾപ്പെടെ രാജ്യത്തെ 40 കായികതാരങ്ങൾ പങ്കെടുത്തു. വൈറസ് പടരുന്നത് തടയാൻ മാർച്ച് 24 ന് ലോക്ക്ഡൗൺ നടപ്പിലാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കായിക താരങ്ങളുമായി സംവദിക്കുന്നത്. പി ടി ഉഷ, പുല്ലേല ഗോപിചന്ദ്, വിശ്വനാഥൻ ആനന്ദ്, ഹിമാ ദാസ്, ബജ്രംഗ് പുനിയ, പി വി സിന്ധു, രോഹിത് ശർമ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, ചേതേശ്വർ പൂജാര എന്നിവരും യോഗത്തിൽ പങ്കെടുത്തു.