ന്യൂഡല്‍ഹി: പുരസ്‌കാരങ്ങളെ കുറിച്ചോ ബഹുമതികളെ കുറിച്ചോ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭാക്കർ. ബഹുമതികൾ നല്‍കേണ്ടത് സർക്കാരും ഫെഡറേഷനുമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്താണ് പറയേണ്ടതെന്ന് അറിയില്ല. അതേസമയം പ്രകടനം മെച്ചപ്പെടുത്താന്‍ തന്‍റെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകും. സ്‌ത്രീ ശാക്തീകരണത്തിന് ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്നും താരം പറഞ്ഞു. സമൂഹത്തില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. സമൂഹത്തില്‍ സ്‌ത്രീകൾക്കും പുരുഷന്‍മാർക്കും പ്രാധാന്യമുണ്ട്. എന്നാല്‍ എല്ലാ കാലത്തും പുരുഷന്‍മാർക്ക് ആധിപത്യം പുലർത്താനാകില്ലെന്നും മനു ഭാക്കർ കൂട്ടിചേർത്തു.
ഇക്കഴിഞ്ഞ ഷൂട്ടിങ്ങ് ലോകകപ്പില്‍ വനിതകളുടെ 100 മീറ്റർ എയർ പിസ്‌റ്റൾ വിഭാഗത്തില്‍ മനു സ്വർണം നേടിയിരുന്നു. കൂടാതെ ഇതേ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും യൂത്ത് ഒളിമ്പിക്‌സിലും താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.