ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.
" മികച്ച കായിക താരങ്ങൾക്കൊപ്പം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനമുണ്ട്. എല്ലാവരുടേയും പിന്തുണയ്‌ക്ക് വളരെയധികം നന്ദി. രാജ്യത്തിനായി മെഡല്‍ നേടാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. ജയ്.... ഹിന്ദ്.." നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഒളിമ്പിക് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടം കൂടിയായിരുന്ന താരത്തിന്‍റേത്.
also read: പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന ; പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളി
ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഗുസ്‌തി താരം രവി കുമാര്‍, ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പാരാ ഷൂട്ടിങ് താരം അവാനി ലേഖാര, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് ഉള്‍പ്പടെ 12 പേരാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.
35 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു. നവംബര്‍ 13ന് രാഷ്‌ട്രപതി ഭവനില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ രാഷ്‌ട്രപതി ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.