ഖത്തർ : ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ടുണീഷ്യക്കെതിരെ അപ്രതീക്ഷിത തോൽവിയായിരുന്നു ഫ്രാൻസ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസിന്‍റെ പരാജയം. മത്സരത്തിൽ ഫ്രാൻസിനായി ഇഞ്ച്വറി ടൈമിൽ ഗ്രീസ്‌മാൻ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് എന്ന് ചൂണ്ടിക്കാട്ടി റഫറി ഗോൾ നിഷേധിച്ചിരുന്നു. ഇപ്പോൾ തോൽവിയുടെ ഭാരം കുറയ്‌ക്കാൻ ഗോൾ നിഷേധിച്ചതിൽ ഫിഫയ്‌ക്ക് പരാതി നൽകിയിരിക്കുകയാണ് ഫ്രാൻസ്.
ഗ്രീസ്‌മാന്‍ സ്‌കോര്‍ ചെയ്‌തത് ഓഫ് സൈഡ് അല്ലായിരുന്നെന്നും ഗോള്‍ അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. 'ഗ്രീസ്‌മാന്‍റെ ഗോള്‍ അനുവദിച്ചുതരാത്തത് തെറ്റാണെന്നും ഞങ്ങള്‍ ഇതിനെതിരെ പരാതി നല്‍കുകയാണെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
പന്ത് ടുണീഷ്യൻ താരത്തിന്‍റെ ദേഹത്ത് തട്ടി വന്നതിനാൽ ഓഫ് സൈഡായി കണക്കാക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസിന്‍റെ വാദം. മത്സരത്തെക്കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഫൈനൽ വിസിലിന് ശേഷം 24 മണിക്കൂറിനുള്ളിൽ നൽകണമെന്നാണ് ഫിഫയുടെ നിയമം. ഇതനുസരിച്ചാണ് മത്സരത്തിന് തൊട്ടുപിന്നാലെ പരാതി നൽകാന്‍ ഫ്രാൻസ് ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചത്.
അതേസമയം മത്സരത്തിൽ ടുണീഷ്യക്കെതിരെ തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെയാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ പ്രവേശനമുറപ്പിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമുൾപ്പടെ ആറ് പോയിന്‍റാണ് ഫ്രാൻസിന്‍റെ സമ്പാദ്യം. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. അട്ടിമറി വിജയം നേടിയെങ്കിലും ടുണീഷ്യ മൂന്നാമതായി ലോകകപ്പിൽ നിന്ന് പുറത്തായി.