ദോഹ : ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനമൊഴിഞ്ഞ് ടിറ്റെ. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിന് പിന്നാലെയാണ് ടിറ്റെ ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലക സ്ഥാനമേറ്റെടുക്കുന്നത്. ഇതിന് പിന്നാലെയാണ് 2019ലെ കോപ്പ അമേരിക്ക കിരീടം ടിറ്റെയുടെ കുട്ടികള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ കോപ്പ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ബ്രസീലിന് പക്ഷേ ഫൈനലില്‍ കാലിടറി. ചിരവൈരികളായ അര്‍ജന്‍റീനയോടാണ് അന്ന് ബ്രസീല്‍ പരാജയപ്പെട്ടത്.
2018ല്‍ റഷ്യന്‍ ലോകകപ്പിലും ടിറ്റെ പരിശീലിപ്പിച്ച ബ്രസീലിയന്‍ ടീം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. അന്ന് കരുത്തരായ ബെല്‍ജിയത്തോടാണ് ടീം അടിയറവ് പറഞ്ഞത്. 61കാരനായ പരിശീലകന് കീഴില്‍ 81 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ ബ്രസീല്‍ 61 വിജയം സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പിനിടെ സ്ഥാനമൊഴിയുന്ന ആറാമത്തെ പരിശീലകനാണ് ടിറ്റെ. പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ സ്‌പാനിഷ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെയും പദവിയൊഴിഞ്ഞിരുന്നു. ഇവരെ കൂടാതെ മെക്‌സിക്കോയുടെ ജെറാര്‍ഡോ മാര്‍ട്ടിനോ, സൗത്ത് കൊറിയന്‍ കോച്ച് പൗലോ ബെന്‍റോ, ഘാനയുടെ ഓട്ടോ അഡ്ഡോ, ബെല്‍ജിയത്തിന്‍റെ റോബർട്ടോ മാർട്ടിനെസ് എന്നിവരും പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.
ഖത്തറില്‍ കിരീട സാധ്യത കല്‍പ്പിച്ച ടീമുകളില്‍ മുന്‍പന്തിയിലായിരുന്നു ബ്രസീലിന്‍റെ സ്ഥാനം. എന്നാല്‍ ഇപ്രാവശ്യവും ടീമിന്‍റെ പടയോട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായിരുന്നു മത്സരം. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ ലീഡ് നേടിയ ശേഷം ഗോള്‍ വഴങ്ങിയ ബ്രസീല്‍ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യയോട് തോറ്റത്.