കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ 32 ടീമുകളും കളത്തിലിറങ്ങി കഴിഞ്ഞു. ഗ്രൂപ്പ് മത്സരങ്ങളിലെ 48 മത്സരങ്ങളിൽ 18 എണ്ണം കഴിഞ്ഞപ്പോൾ അട്ടിമറിയും ഞെട്ടലും ഉണ്ടായി. പശ്ചിമേഷ്യയിലെ ഉഷ്‌ണതരംഗത്തില്‍ വീശിയടിക്കുന്ന കാല്‍പന്ത് ആവേശം ലോകമെമ്പാടും ഏറ്റുവാങ്ങുകയാണ്.
ആതിഥേയരായ ഖത്തർ തോൽക്കുന്നത് കണ്ടാണ് ലോകകപ്പിലെ കളിയാരവം തുടങ്ങിയത്. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ നിന്ന് നാലാമനായി യോഗ്യത നേടിയ ഇക്വഡോറിനോടായിരുന്നു തോൽവി. എതിർ ടീമിൻ്റെ ശക്തമായ നീക്കങ്ങളൊന്നും വരാതായതോടെ ബോൾ ഒന്ന് തൊടാൻ ഇക്വഡോർ ഗോൾകീപ്പർ ഹെർനൻ ഗലിൻഡസ് കൊതിച്ചിരുന്നു എന്ന് ട്രോളൻമാർ കവിതയെഴുതിയ മത്സരം.
രണ്ടാമത്തെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് ഇറാനെതിരെ ആറാടിയതോടെ കാണികളിൽ ഫുട്ബോൾ ആവേശം തിരതല്ലി. സൗത്ത്ഗേറ്റിൻ്റെ കുട്ടികൾ ഈ മാമാങ്കവസാനം വരെ ഞങ്ങൾ ഖത്തറിലുണ്ടാവും എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചത്. അവിടെയും പരാജയപ്പെട്ടത് ഏഷ്യൻ സാന്നിധ്യമായിരുന്നു.
കരുത്തോടെ ആഫ്രിക്ക: പടക്കുതിരകൾ ഏറെയുണ്ടായിട്ടും ലോക കിരീടം ഇതുവരെ ആഫ്രിക്കയിലേക്ക് എത്തിയിട്ടില്ല. എന്നാൽ അട്ടിമറികൾക്ക് പേരുകേട്ടവരാണ് ആഫ്രിക്കൻ ടീമുകൾ. 1998 ലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തൊട്ടടുത്ത ലോകകപ്പിൽ ഒറ്റ ഗോളിന് തോൽപ്പിച്ചതിലൂടെ സെനഗൽ അവരുടെ പേരറിയിച്ചിരുന്നു.
വീര്യം ഒട്ടും ചോരാതെ ഖത്തറിലും പൊരുതികളിച്ച അവർക്ക് പക്ഷേ ആദ്യ കളിയിൽ അടിയറവ് പറയേണ്ടി വന്നു. പൊതുവേ പതിഞ്ഞ കളിയാണെങ്കിലും നെതർലാൻഡ്‌സ് മത്സരം ജയിച്ചു.
അർജന്‍റീനയുടെ ദുഃഖം: ലാറ്റിനമേരിക്കൻ ശക്തികൾക്ക് മുന്നില്‍ ലോകഫുട്‌ബോളില്‍ പതറി വീഴാത്തവരായി ആരുമില്ല. പ്രത്യേകിച്ചും അർജൻ്റീനക്ക് മുന്നിൽ. എന്നാൽ പൊതുവെ ദുർബലരായ സൗദി അറേബ്യ അർജൻ്റീനയെ തകർത്തതായിരുന്നു ഈ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും വലിയ അട്ടിമറി. മൈതാനത്ത് കളിയും കൂട്ടായ്മയും മറന്ന മെസിപ്പടയെ ഒന്നും നഷ്‌ടപ്പെടാനില്ലാത്ത സൗദി വരിഞ്ഞ് മുറുക്കി കെട്ടിയിട്ടു.
ഓഫ്സൈഡ് തന്ത്രത്തിൽ അടിപതറിയതും സൗദി ഗോളി മുഹമ്മദ് അൽ- ഒവൈസ് വൻമതിലായതും അർജൻ്റീനയെ നിഷ്പ്രഭമാക്കി. ആരാധകർ തലയിൽ കൈ വെച്ച് അമ്പരന്നു. കളി ഇവിടെ അവസാനിക്കുന്നില്ലെന്ന് അർജന്‍റീനിയൻ ആരാധകർ ഉറപ്പിച്ചു പറയുന്നുണ്ട്.
സൗദി കളിക്കാർക്ക് ഭരണകൂടം നൽകിയ പാരിതോഷികവും പരിഗണനയും വിസ്‌മയിപ്പിച്ചു. ഈ ലോകകപ്പിൽ ഫിഫ നടപ്പിലാക്കിയ സെമി ഓട്ടമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ശരിക്കും വില്ലനായത് അർജൻ്റീനക്കാണ്. സെക്കന്‍ഡില്‍ 500 തവണ ഡേറ്റ കൈമാറുന്ന ബോളും, ഗ്യാലറിയുടെ മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ സ്ഥാപിച്ച ക്യാമറകളും കളിയുടെ നിർണായക സംഭവങ്ങൾ പകർത്തിയപ്പോൾ എല്ലാം കിറുകൃത്യമായി.
അട്ടിമറികളുടെ ഏഷ്യ: നാല് തവണ കിരീടം ചൂടിയ യൂറോപ്യൻ കരുത്തരായ ജർമ്മനിയെ ഏഷ്യൻ ചുണക്കുട്ടികളായ ജപ്പാൻ മലർത്തിയടിച്ചതാണ് മറ്റൊരു അട്ടിമറി. സൗദിയെപ്പോലെ പിന്നിൽ നിന്ന ശേഷം തിരിച്ച് വന്ന് ജർമൻ മതില്‍ തകർത്ത പോരാട്ടം. തോറ്റ രണ്ട് വമ്പന്മാർക്കും ആദ്യ പകുതിയിൽ പെനാൽറ്റി കിട്ടിയിരുന്നു, അത് ഗോളുമായി.
രണ്ടാം പകുതിയിൽ സടകുടഞ്ഞ് ആക്രമിച്ച ഏഷ്യൻ വിസ്‌മയങ്ങൾ വിജയം തട്ടിയെടുത്തു. 2002 ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിൽ കൊറിയ സെമിയിൽ എത്തിയതാണ് ഒരു ഏഷ്യൻ രാജ്യത്തിൻ്റെ ലോകകപ്പിലെ ഏറ്റവും വലിയ പ്രകടനം.
ജർമ്മനിയോട് ഒറ്റ ഗോളിന് തോറ്റെങ്കിലും ചരിത്രം കുറിച്ചാണ് അന്ന് കൊറിയ ലോകത്തിന് മുന്നില്‍ തങ്ങളുടെ കരുത്ത് കാട്ടി. അതേ കൊറിയ ഈ തവണ ആദ്യ മത്സരത്തില്‍ നേരിട്ടത് ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയെ. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോഴും ആദ്യ ലോകകപ്പ് വിജയികളായ സുവാരസിൻ്റെ സംഘത്തെ പിടിച്ചുകെട്ടിയത് വലിയ നേട്ടം തന്നെയാണ്.
ചുരുക്കത്തിൽ ഈ ലോകകപ്പിൻ്റെ തുടക്കം ഏഷ്യൻ കരുത്തിൻ്റെ പിൻബലത്തിൽ അട്ടിമറികളുടേതാണ്. മുന്നോട്ടുള്ള വഴികളിൽ അത് തുടരാൻ കഴിയുമോ എന്നത് പ്രവചനാതീതവും. ഫുട്ബോളുള്ള കാലമത്രയും ഓർമ്മിക്കാവുന്ന ചില നിമിഷങ്ങൾ ഇതിനകം തന്നെ ഖത്തറിൽ പിറവിയെടുത്തു കഴിഞ്ഞു.
ഫ്രാൻസും സ്‌പെയിനും ബ്രസീലും: എല്ലാ ടീമുകളും ഒരു മത്സരവും പൂർത്തിയാക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ബ്രസീലും സ്‌പെയിനുമാണ് മികച്ച ഒത്തിണക്കവും ആക്രമണവും പുറത്തെടുത്തെടുത്തത്. ബാലന്‍ദ്യോര്‍ പുരസ്‌കാര നിറവില്‍ ലോകകപ്പിനെത്തിയ കരിം ബെന്‍സേമ പരിക്കേറ്റ് പുറത്തായെങ്കിലും എംബാപെയും ഗ്രീസ്മാനും ജിറൂദും മാരക ഫോമിലാണ്.
കോച്ച് ദിദിയർ ദഷാംപ്‌സിൻ്റെ കുതന്ത്രങ്ങൾ കൂടി ഒന്നിക്കുമ്പോൾ ആ കിരീടം തിരിച്ച് പിടിക്കാൻ മറ്റ് ടീമുകൾ നന്നേ വിയർക്കേണ്ടി വരും. ആദ്യ കളിയിൽ ഏഴെണ്ണമടിച്ച സ്പെയിനും, ഒത്തിണങ്ങിയ ഇംഗ്ലണ്ടും, ത്രില്ലടിപ്പിച്ച റോണോയുടെ പോർച്ചുഗലും, ജയിച്ചു തുടങ്ങിയ ലോക ഒന്നാം നമ്പർ മഞ്ഞപ്പടയും കിരീടത്തിൽ നോട്ടമിട്ടിരിപ്പാണ്.
ആദ്യം ഞെട്ടിപ്പോയവരും നിരാശപ്പെടുത്തിയവരും ഒരു പോലെ തിരിച്ച് വന്നാൽ ഖത്തറിലെ 'ചൂട്' അതികഠിനമാകും.