ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ നാലിലെത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി ടോട്ടനം ഹോട്‌സപര്‍. സ്വന്തം തട്ടകമായ ടോട്ടനം ഹോട്‌സപര്‍ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ആസ്റ്റണ്‍ വില്ലയോടാണ് സംഘം തോല്‍വി വഴങ്ങിയത്. എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയ്‌ക്കായി ഗോളുകള്‍ നേടിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു വില്ലയുടെ രണ്ട് ഗോളുകളും പിറന്നത്. 50 മിനിട്ടില്‍ ബുവേന്‍ഡിയയിലൂടെയാണ് വില്ല മുന്നിലെത്തിയത്. ഹ്യൂഗോ ലോറിസിന്‍റെ പിഴവില്‍ നിന്നാണ് ഗോള്‍ വന്നത്.
തുടര്‍ന്ന് 73-ാം മിനിട്ടില്‍ ഡഗ്ലസ് ലൂയിസിലൂടെ സംഘം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാന്‍ ടോട്ടനത്തിന് കഴിയുമായിരുന്നു. നിലവില്‍ 17 മത്സരങ്ങളില്‍ 30 പോയിന്‍റുമായി അഞ്ചാമതാണ് ടോട്ടനം.
16 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റുമായാണ് യുണൈറ്റഡ് നാലാമത് നില്‍ക്കുന്നത്. 17 മത്സരങ്ങളില്‍ 21 പോയിന്‍റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റുമായി ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി സമനിലയില്‍ കുരുങ്ങി. നോട്ടിങ്‌ഹാം ഫോറസ്റ്റാണ് സംഘത്തെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.
മത്സരത്തിന്‍റെ 16-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് ചെല്‍സിയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 63-ാം മിനിറ്റില്‍ സെര്‍ജ് ഓറിയറിലൂടെ നോട്ടിങ്‌ഹാം ഫോറസ്റ്റ് ഒപ്പം പിടിച്ചു. മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശം വച്ചുവെങ്കിലും കൂടുതല്‍ ഗോളടിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.
ഓണ്‍ ടാര്‍ഗറ്റിലേക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് ചെല്‍സി അടിച്ചത്. എന്നാല്‍ അഞ്ച് ഷോട്ടുകളാണ് ഫോറസ്റ്റിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. 16 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ചെല്‍സി. 17 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റ് മാത്രമുള്ള ഫോറസ്റ്റ് 18-ാമതാണ്.
Also read: മെസിയും നെയ്‌മറും ഇറങ്ങിയല്ല, എംബാപ്പെ ഗോളടിച്ചുമില്ല; ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക് ആദ്യ തോല്‍വി