ബ്യൂണസ് ഐറിസ്: അര്‍ജന്‍റൈന്‍ ടീമിന്‍റെ വിക്‌ടറി പരേഡിനിടെയും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പരിഹസിച്ച് ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസ്. പരേഡിനിടെ ഫ്രഞ്ച് താരത്തിന്‍റെ മുഖമൊട്ടിച്ച കുട്ടി പാവയുമായാണ് എമിയെത്തിയത്. പാവയുമായി മെസിക്കൊപ്പം ബസില്‍ നില്‍ക്കുന്ന എമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
താരത്തിന്‍റെ പ്രവൃത്തി അതിരുകടന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പിനിടെ ലാറ്റിനമേരിക്കന്‍ ടീമുകളെ താഴ്‌ത്തിക്കെട്ടിയുള്ള എംബാപ്പെയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് എമി കലിപ്പിലായത്. ലാറ്റിനമേരിക്കന്‍ ടീമുകളേക്കാള്‍ മികച്ചതാണ് യൂറോപ്യന്‍ ടീമുകളെന്നായിരുന്നു ഫ്രഞ്ച് താരത്തിന്‍റെ പ്രസ്‌താവന.
ഇതിന് ചുട്ട ഭാഷയില്‍ തന്നെ 30കാരനായ എമി മറുപടി നല്‍കിയിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലാണ് ഫ്രഞ്ച് താരത്തിന്‍റെ പ്രതികരണം. ലാറ്റിനമേരിക്കയില്‍ കളിക്കാത്ത എംബാപ്പെ അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയരുതെന്നുമായിരുന്നു എമി തുറന്നടിച്ചത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചതിന് ശേഷവും എമി എംബാപ്പെയെ കളിയാക്കിയിരുന്നു.
ഡ്രസ്സിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ സഹതാരങ്ങളോട് എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. അതേസമയം ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ ആഘോഷം വിവാദമായിരുന്നു. എന്നാല്‍ തന്നെ ചീത്ത വിളിച്ച ഫ്രഞ്ച് താരങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് താരം പിന്നീട് വിശദീകരിച്ചു.