എറണാകുളം: ഒമ്പത് വർഷങ്ങൾ മുമ്പ് ഹൃദയം മാറ്റി വെക്കുമ്പോൾ കൊച്ചി സ്വദേശി ഡിനോയ് തോമസ് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കുമെന്ന്. ഏപ്രില്‍ 15 മുതൽ 21 വരെ ഓസ്ട്രേലിയയിലെ പെര്‍ത്തിൽ നടക്കുന്ന ലോക ട്രാന്സ്പ്ലാന്റ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഡിനോയ് ഇന്ന് ലോകത്തിനാകെ മാതൃകയാണ്. അവയവ മാറ്റത്തിന് ശേഷം സാധാരണ ജീവിതം സാധ്യമല്ലന്ന് കരുതുന്നവർക്ക് മുന്നിലാണ് ഡിനോയ് ശ്രദ്ധേയനാകുന്നത്.
ലോക ട്രാന്സ്പ്ലാന്റ് ഒളിമ്പിക്സില്‍ 5 കിലോമീറ്റർ മാരത്തണിൽ പങ്കെടുക്കുന്ന ഡിനോയ് തോമസിന് ആശംസകള്‍ നേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടെത്തിയപ്പോൾ അത് ഇരട്ടി മധുരം. അവയവം മാറ്റിവച്ചവര്‍ക്കും ദാതാക്കള്‍ക്കുമായിട്ടാണ് ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇതില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണില്‍ അഞ്ച് കിലോമീറ്റര്‍ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഡിനോയ് തോമസിനെ അഭിനന്ദിച്ചു കൊണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ഡിനോയി പെർത്തിലേക്ക് വണ്ടി കയറുന്നത്.
2013 സെപ്റ്റംബര്‍ 20 നാണ് കളമശ്ശേരി കൈപ്പടമുഗൾ സ്വദേശി ഡിനോയ് തോമസിന് (39) എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റി വച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയില്‍ ജീവന്റെ തുടിപ്പായി മാറിയത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ചികിത്സ തേടിയത്.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്തുവാന്‍ ഡിനോയിക്ക് സാധിക്കുന്നു. ജോലിയുടെ ഭാഗമായി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്നോവ, ഫോര്‍ച്ച്യൂണര്‍ എന്നിവ അടക്കമുള്ള വാഹനങ്ങള്‍ ഡിനോയി ഡ്രൈവ് ചെയ്യാറുണ്ട്. വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന ജോലിക്ക് ശേഷം അധികമായി രാത്രി 11 വരെ ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നു.
ഡിനോയിക്ക് ലോക ട്രാന്സ്പ്ലാന്റ് ഒളിമ്പിക്‌സില്‍ വിജായാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഭാവിയിലും ഉന്നതമായ ജീവിത നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയട്ടെയെന്നും പറഞ്ഞു. അവയവ മാറ്റത്തിന് ശേഷം വലിയ പ്രയാസങ്ങൾ ഉണ്ടാകുമെന്ന ആശങ്ക സമൂഹത്തിൽ നിലനിൽക്കുകയാണ്. അതിനുളള ഉത്തരമാണ് ഡിനോയിയുടെ ഒളിമ്പിക്‌സിലെ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിനോയ് തോമസിനുള്ള ജേഴ്‌സിയും മുഖ്യമന്ത്രി സമ്മാനിച്ചു.
ലോക ട്രാന്സ്പ്ലാന്റ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഏപ്രില്‍ പതിമൂന്നാം തിയതി ഡിനോയ് കൊച്ചിയിൽ നിന്നും യാത്ര തിരിക്കും. ഹൃദ്രോഗ വിദഗ്‌ധനായ ഡോ. ജോ ജോസഫും യാത്രയിൽ അനുഗമിക്കുന്നുണ്ട്. അവയവദാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ ആണ് ഈ യാത്രയ്ക്ക് മുന്‍കൈ എടുക്കുന്നത്.