1986ലെ ഫുട്ബോൾ ലോകകപ്പിൽ 'ദൈവത്തിന്‍റെ കൈ' പിറന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്‌സ് റെക്കോഡ് തുകയ്‌ക്ക് ലേലത്തിൽ പോയതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോത്ത്ബി കമ്പനിയാണ് ജഴ്‌സി ലേലത്തില്‍ വെച്ചത്. എകദേശം 9.3 മില്യൻ ഡോളറിനാണ് ( 70 കോടിയോളം) ജേഴ്‌സി ലേലത്തിൽ പോയതെന്നാണ് റിപ്പോർട്ട്.
മത്സരത്തിന് ശേഷം മറഡോണ ഇംഗ്ലണ്ടിന്‍റെ സ്റ്റീവ് ഹോഡ്‌ജുമായി ജഴ്‌സി കൈമാറ്റം ചെയ്തിരുന്നു. 35 വർഷമായി സ്റ്റീവ് ഹോഡ്‌ജ് സൂക്ഷിച്ച് വെച്ചിരുന്ന ജേഴ്‌സിയാണ് ഇപ്പോൾ ലേലത്തിൽ വെച്ചിരിക്കുന്നത്. അതേസമയം കായിക മേഖലയിൽ ഒരു വസ്‌തുവിന് കിട്ടുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണിതെന്ന് കമ്പനി അവകാശപ്പെട്ടു.
എന്നാൽ ലേലത്തിന് മാസങ്ങൾക്ക് മുൻപ് ഇത് മറഡോണ ഉപയോഗിച്ച ജഴ്‌സി അല്ല എന്ന വാദവുമായി താരത്തിന്‍റെ മകൾ ഡാൽമ രംഗത്തെത്തിയിരുന്നു. രണ്ടാം പകുതിയിൽ തന്‍റെ പിതാവ് ധരിച്ച ജഴ്‌സിയല്ല ഇതെന്നും ജഴ്‌സി ഇപ്പോൾ ആരുടെ കൈയ്യിലുണ്ടെന്ന് അറിയാമെന്നും ഡാൽമ പറഞ്ഞിരുന്നു. എന്നാൽ ലേലക്കമ്പനി ഈ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു.