ക്വാലാലംപൂർ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈന മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചൈനീസ് ബാഡ്‌മിന്‍റണ്‍ അസോസിയേഷനും ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സരം മാറ്റിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിരവധി താരങ്ങൾ ഇതിനകം ടൂർണമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഫെബ്രുവരി 25 മുതല്‍ മാർച്ച് ഒന്നാം തീയ്യതി വരെ ടൂർണമെന്‍റ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചത്. ടൂർണമെന്‍റ് ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതക്കായുള്ള അവസരമായി പരിഗണിച്ചിരുന്നു. എന്നാല്‍ മത്സരം മാറ്റിവെച്ചതോടെ താരങ്ങളുടെ ഒളിമ്പിക് യോഗ്യതക്കായി ടൂർണമെന്‍റിലെ ഫലം പരിഗണിക്കില്ല.
കൊറോണ വൈറസുമായി ബന്ധപ്പെട്ട സംഭവങ്ങൾ സസൂക്ഷ്‌മം നിരീക്ഷിച്ച് വരുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ മറ്റ് മത്സരങ്ങൾ മാറ്റി വെക്കേണ്ടതില്ലെന്നും ബിഡബ്ല്യുഎഫ് അധികൃതർ കൂട്ടിചേർത്തു. 2020-ലെ ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പും കൊറോണ വൈറസ് ബാധയുടെ ഭീഷണിയിലാണ്. വൈറസ് ബാധ പൊട്ടി പുറപ്പെട്ട വുഹാനിലാണ് മത്സരത്തിന് വേദി നിശ്ചയിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന് താരങ്ങൾക്ക് യോഗ്യത നേടാനുള്ള അവസാന അവസരമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്.
അതേസമയം കൊറോണ വൈറസ് ബാധ കാരണം ചൈനയിൽ മരിച്ചവരുടെ എണ്ണം 304 ആയി. വൈറസ് ബാധയെ തുടർന്ന് 14000 പേർ ചൈനയില്‍ ചികിത്സയിലാണ്. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന നേരത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.