ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ വീണ്ടും കീഴടക്കി ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ. ചെസ്സബിൾ മാസ്റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെന്‍റിന്‍റെ അഞ്ചാം റൗണ്ടിലാണ് കാള്‍സണ്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്നില്‍ വീണത്.
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിലെ ഒറ്റ പിഴവാണ് കാള്‍സണിന്‍റെ കഥ കഴിച്ചത്. കറുത്ത കുതിരയുമായുള്ള തന്‍റെ 40ാം നീക്കമാണ് നോര്‍വീജയക്കാരന് പിഴച്ചത്. വിജയത്തോടെ 16 താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിലെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ 16കാരനായ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞു.
ഈ വര്‍ഷം കാള്‍സണെതിരെ പ്രജ്ഞാനന്ദയുടെ രണ്ടാം ജയമാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ എയർതിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റിലാണ് ലോക ഒന്നാം നമ്പറായ കാള്‍സണെ പ്രജ്ഞാനന്ദ നേരത്തെ കീഴടക്കിയത്.
ടൂര്‍ണമെന്‍റിന്‍റെ റൗണ്ട് എട്ടില്‍ 39 നീക്കങ്ങള്‍ക്കൊടുവിലാണ് തുടര്‍ച്ചയായ മൂന്ന് വിജയവുമായി വന്ന കാള്‍സണ്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്നില്‍ വീണത്.