ലണ്ടന്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകള്‍. ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ അമേരിക്കൻ വ്യവസായി ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം അംഗീകരിച്ചതായി ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു. യുഎസിലെ പ്രശസ്‌തമായ ബേസ്ബോൾ ടീമായ ഡോഡ്ജേഴ്‌സിന്‍റെ സഹ ഉടമകൂടിയാണ് ടോഡ് ബോഹ്‌ലി.
4.25 ബില്യൺ പൗണ്ടിനാണ് വില്‍പ്പന. ഇതില്‍ ഷെയറുകളുടെ തുകയായ 2.5 ബില്യൺ പൗണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മരവിപ്പിച്ച യുകെ ബാങ്ക് അക്കൗണ്ടിലേക്കാവും നിക്ഷേപിക്കുകയെന്ന് റോമൻ അബ്രമോവിച്ച് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു.
ഇതിന് പുറമെ ക്ലബ്ബിന്‍റെ ഭാവി കാര്യങ്ങള്‍ക്കായി 1.75 ബില്യൺ പൗണ്ട് നിക്ഷേപവും നിർദിഷ്ട പുതിയ ഉടമകൾ നടത്തും. സ്റ്റാംഫോർഡ് ബ്രിഡ്‌ജ്, അക്കാദമി, വിമൻസ് ടീം, കിംഗ്സ്മെഡോ എന്നിവയിലെ നിക്ഷേപങ്ങളും ചെൽസി ഫൗണ്ടേഷന് വേണ്ടിയുള്ള ധനസഹായവും ഉള്‍പ്പടെയാണിത്.
പ്രീമിയർ ലീഗിന്‍റെയും ബ്രിട്ടീഷ് സർക്കാരിന്‍റെയും അനുമതി ലഭിച്ചാൽ മാത്രമേ ക്ലബ്ബിന്‍റെ വില്‍പ്പന ഔദ്യോഗികമായി പൂര്‍ത്തിയാക്കാനാവൂ. ആവശ്യമായ എല്ലാ അനുമതികൾക്കും വിധേയമായി മെയ് അവസാനത്തോടെ വിൽപ്പന പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അന്താരാഷ്‌ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
also read: 10 വിക്കറ്റ് നേട്ടത്തിൽ അജാസ് ധരിച്ച ജഴ്‌സി ലേലത്തിന് ; തുക ചിൽഡ്രൻസ് ഹോസ്പിറ്റലിന്
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ചിനും ചെല്‍സിക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്ലബ് വില്‍ക്കാന്‍ തീരുമാനിച്ചത്. 2003 മുതല്‍ ചെല്‍സിയുടെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഏകദേശം 20 വർഷമായി ക്ലബ്ബിന്‍റെ അമരക്കാരനായിരുന്നു റോമൻ അബ്രമോവിച്ച്.