ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തയ്യാറാവാന്‍ സൂപ്പര്‍ താരം നെയ്‌മർ സമയത്തിനെതിരെ മത്സരിക്കുകയാണെന്ന് ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മർ. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി തങ്ങള്‍ക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണിനോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് റോഡ്രിഗോ ലാസ്‌മറിന്‍റെ പ്രതികരണം.
ഖത്തറില്‍ സെര്‍ബിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ നെയ്‌മറിന് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാനായിരുന്നില്ല. സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് പനി ബാധിച്ചതായി സഹ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞിരുന്നു.
ഈ മത്സരത്തില്‍ പരിക്കേറ്റ റൈറ്റ്-ബാക്ക് ഡാനിലോയ്‌ക്കും തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സിറ്റ്‌സര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ അലക്‌സ് സാന്‍ഡ്രോയും നിലവില്‍ കളത്തിന് പുറത്താണ്. കാമറൂണിനെതിരായ മത്സരത്തിന് ശേഷം അലക്‌സ് ടെല്ലസും ഗബ്രിയേൽ ജെസ്യൂസും വേദനയെക്കുറിച്ച് പരാതിപ്പെട്ടതായി ലാസ്‌മർ പറഞ്ഞു.
"നെയ്‌മറിനെയും അലക്‌സ് സാൻഡ്രോയെയും സംബന്ധിച്ച്, ഞങ്ങളുടെ കൈകളിൽ ഇനിയും സമയമുണ്ട്. ഇരുവര്‍ക്കും കളിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് കരുതുന്നത്. അവരുടെ പരിവർത്തനം എന്തായിരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അവർ ഇപ്പോഴും പന്ത് ഉപയോഗിച്ച് പരിശീലിക്കാൻ തുടങ്ങിയിട്ടില്ല,
അത് നാളെ അവർ ചെയ്യുന്ന കാര്യമാണ്. ഈ പുതിയ ശൈലിയോട് അവർ എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്. അതിനെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവുക" റോഡ്രിഗോ ലാസ്‌മർ വ്യക്തമാക്കി.
അതേസമയം അവസാന മത്സരത്തില്‍ കാമറൂണിനോട് തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ജിയിലെ ചാമ്പ്യന്മാരായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയയാണ് ബ്രസീലിന്‍റെ എതിരാളി.