ബ്രിസ്‌ബേന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് വിജയം. പേസര്‍മാരെ അമിതമായി പിന്തുണച്ച ഗാബയിലെ പിച്ചില്‍ വെറും രണ്ട് ദിവസം കൊണ്ടാണ് മത്സരം അവസാനിച്ചത്. പ്രോട്ടീസ് ഉയര്‍ത്തിയ 34 റണ്‍സിന്‍റെ വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നേടിയ 152 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 218ന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകരെ 99 റണ്‍സിലാണ് ഓസീസ് എറിഞ്ഞൊതുക്കിയത്. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4.
ഖയ സോണ്ടയാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. 36 റണ്‍സെടുത്ത സോണ്ട പുറത്താവാതെ നിന്നു. ടെംബ ബവുമ (29), കേശവ് മഹാരാജ് (16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. സരേല്‍ ഇര്‍വീ (3), ഡീന്‍ എല്‍ഗാര്‍ (2), വാന്‍ ഡര്‍ ഡസ്സന്‍ (0), കെയ്ല്‍ വറെയ്‌നെ (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചെറിയ ലക്ഷ്യത്തിലേക്കാണ് ബാറ്റേന്തിയതെങ്കിലും ഓസീസിന്‍റെ മുന്‍നിരയിലെ നാല് താരങ്ങളും രണ്ടക്കം തൊടാതെയാണ് പുറത്തായത്. ഉസ്മാന്‍ ഖവാജ (2), ഡേവിഡ് വാര്‍ണര്‍ (3), ട്രാവിസ് ഹെഡ് (0), സ്മിത്ത് (6) എന്നിവരാണ് തിരിച്ചുകയറിയത്.
എക്‌സ്ട്രായിനത്തില്‍ ലഭിച്ച 19 റണ്‍സും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ലബുഷെയ്ന്‍ (5), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. പ്രോട്ടീസിനായി റബാഡയാണ് നാല് വിക്കറ്റുകളും വീഴ്‌ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.
Also read: Ind vs Ban : ബംഗ്ലാ കടുവകള്‍ കീഴടങ്ങി ; ചിറ്റഗോങ്ങില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇടം സുരക്ഷിതമാക്കാനും മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്താനും ഓസീസിന് കഴിഞ്ഞു. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണില്‍ ആരംഭിക്കും.