ന്യൂഡൽഹി: ഫിഫ ലോകകപ്പ് ജേതാവായ അർജന്‍റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു. ജൂണ്‍, അല്ലെങ്കില്‍ ജൂലൈ മാസത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. പ്രൊമോഷണൽ പരിപാടിയുടെ ഭാഗമായാണ് 30-കാരനായ അര്‍ജന്‍റൈന്‍ താരം കൊല്‍ക്കത്തയിലാണ് എത്തുന്നത്.
പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയുടെ താരമായ മാർട്ടിനെസ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയേയും കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. മോഹൻ ബഗാൻ ക്ലബ് സന്ദർശിക്കുന്ന താരം ഒരു ചാരിറ്റി മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.
ഇതിഹാസ താരങ്ങളായ പെലെയേയും ഡീഗോ മറഡോണയേയും ഇന്ത്യയിലേക്ക് കൊണ്ടുവന്ന സ്പോർട്‌സ് പ്രൊമോട്ടറായ സതാദ്രു ദത്തയാണ് മാർട്ടിനെസിനെയും ഇന്ത്യയിലെത്തിക്കുന്നത്. മാർട്ടിനെസിന്‍റെ സന്ദർശനത്തിനുള്ള താത്‌കാലിക തീയതികൾ ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 ആണെന്ന് സതാദ്രു ദത്ത അറിയിച്ചു. അന്തിമ തിയതികള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പഞ്ഞു. താരവുമായി ഒരു ചെറിയ ഫോട്ടോഷൂട്ട് നടത്തിയെന്നും മാർട്ടിനെസ് ഇന്ത്യയിലേക്ക് എത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സതാദ്രു ദത്ത കൂട്ടിച്ചേര്‍ത്തു.
ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവർക്ക് പുറമെ ദുംഗ, കാർലോസ് ആൽബെർട്ടോ വാൽഡെറാമ, കഫു തുടങ്ങിയ പഴയകാല ഫുട്ബോൾ താരങ്ങളെ സതാദ്രു ദത്ത നേരത്തെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് നിലവിലെ ഫിഫ ലോകകപ്പ് ജേതാവായ ഒരു ഫുട്ബോൾ താരം രാജ്യത്ത് എത്തുന്നത്.
2022-ലെ ഫിഫ ലോകകപ്പില്‍ ഗോൾഡൻ ഗ്ലൗസ് അവാർഡ് ജേതാവാണ് മാര്‍ട്ടിനെസ്. ഖത്തറില്‍ നടന്ന ടൂര്‍ണെന്‍റില്‍ അര്‍ജന്‍റീനയുടെ കിരീട നേടത്തില്‍ നിര്‍ണായ പങ്കാണ് മാര്‍ട്ടിനെസിനുള്ളത്. പെനാല്‍റ്റിയിലേക്ക് നീങ്ങിയ നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലും ഫ്രാൻസിനെതിരായ കലാശപ്പോരിലും മാര്‍ട്ടിനെസ് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് അർജന്‍റീനക്ക് തുണയായത്. എന്നാല്‍ ഫ്രാന്‍സിനെതിരായ ഫൈനലിന് ശേഷം താരം നടത്തിയ ആഘോഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് അര്‍ജന്‍റീനയില്‍ നടന്ന ടീമിന്‍റെ വിക്‌ടറി പരേഡിനിടെ ഫ്രാന്‍സിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ പരിഹസിച്ചും മാര്‍ട്ടിനെസ് വിവാദം സൃഷ്‌ടിച്ചു. എംബാപ്പെയുടെ മുഖമൊട്ടിച്ച പാവയുമായാണ് മാര്‍ട്ടിനെസ് പരേഡിനെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിന്‍റെ പ്രവൃത്തി ഏറെ അതിരുകടന്നതാണെന്ന് വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു.
അതേസമയം ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന തോല്‍പ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലെത്തിയത്.
പെനാല്‍റ്റിയില്‍ അര്‍ജന്‍റീനയ്‌ക്കായി നായകന്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി കിക്കെടുത്ത കിലിയന്‍ എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ക്ക് മാത്രാണ് വലയില്‍ പന്തെത്തിക്കാന്‍ കഴിഞ്ഞത്. കിങ്‌സ്‌ലി കോമാന്‍റെ ഷോട്ട് മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തേക്കു പോവുകയായിരുന്നു.