ദോഹ: ഫുട്‌ബോളിന്‍റെ ലോകകിരീടം നേടാനുറച്ചാണ് അർജന്‍റീനയും ഫ്രാൻസും ഞായറാഴ്‌ച ലുസൈൽ സ്റ്റേഡിയത്തിൽ പന്തുതട്ടാനിറങ്ങുന്നത്. സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീനിയൻ പടയെ പിടിച്ചുകെട്ടാൻ ഏറെ പണിപ്പെടേണ്ടി വരുമെന്ന് ഫ്രാൻസ് താരങ്ങൾ തന്നെ വ്യക്‌തമാക്കിക്കഴിഞ്ഞു. മെസിയെ നേരിടുക എന്നത് വളരെ കഠിനമായിരിക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഫ്രാൻസിന്‍റെ സൂപ്പർ താരം അന്‍റോയ്‌ൻ ഗ്രീസ്‌മാൻ.
'മെസിയുള്ള ഏതൊരു ടീമും തികച്ചും വ്യത്യസ്‌തമാണ്. ഈ ലോകകപ്പിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളും ഞങ്ങൾ കണ്ടുകഴിഞ്ഞു. അർജന്‍റീനയുടെ കളിയും ഞങ്ങൾ കണ്ടു. അവർ എങ്ങനെ കളിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. മൈതാനത്ത് നേരിടാൻ ഏറെ പ്രയാസമുള്ള ടീമുകളിലൊന്നാണ് അർജന്‍റീന.
നിലവിൽ മികച്ച ഫോമിലാണ് അവർ പന്തുതട്ടുന്നത്. മെസി മാത്രമല്ല, മെസിക്കു ചുറ്റും ശക്‌തമായ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. അതിനാൽ ഇതൊരു കടുത്ത മത്സരമാകും. അവർക്ക് കാണികളുടെ പിന്തുണയുണ്ടാകുമെന്നും ഞങ്ങൾക്കറിയാം.
എന്നാൽ ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എവിടെയാണ് പ്രതിരോധിക്കേണ്ടതെന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ നന്നായി തയ്യാറാകും. ഗ്രീസ്‌മാൻ വ്യക്‌തമാക്കി.
ഞായറാഴ്‌ചയെ മെസിയുടെ മികച്ച രാത്രിയാക്കി മാറ്റില്ലെന്ന് ഒലിവിയർ ജിറൂഡും വ്യക്‌തമാക്കി. മെസി ഒരു അവിശ്വസനീയ താരമാണ്. പക്ഷേ അദ്ദേഹത്തിനെ ആ രാത്രി മികച്ചതാക്കി ആസ്വദിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾക്ക് ഈ കളി ജയിക്കണം. ഞങ്ങൾക്ക് മറ്റൊരു ലോകകപ്പ് കൂടി നേടണം.
മെസിയെ തടയാൻ ഞങ്ങൾ ശ്രമിക്കും. ആ ടീമിൽ മെസി മാത്രമല്ല, ടീമിനായി പ്രവർത്തിക്കുന്ന മികച്ച ഒരു പിടി താരങ്ങളുമുണ്ട്. അതുകൊണ്ടാണ് അവർ ഇത്ര ശക്‌തരായത്. ജിറൂഡ് വ്യക്‌തമാക്കി.